Friday, May 15, 2009

സഭയും വിദ്യാഭ്യാസവും: മാര്‍ വര്‍ക്കി വിതയത്തില്‍

അനുചിന്തനം: ജോസഫ് പുലിക്കുന്നേല്‍

സഭയുടെ വിദ്യാഭ്യാസരംഗം ഇന്ന് സഭയുടെ സാമൂഹ്യപഠനങ്ങള്‍ക്ക് എതിര്‍സാക്ഷ്യമല്ലേ എന്ന ചോദ്യത്തിന് ബഹുമാന്യനായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ “നേരിട്ട് ഹൃദയത്തില്‍ നിന്ന്” എന്ന ആത്മഭാഷണഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു:

“അടുത്തയിടെയായി ഒരതിര്‍ത്തിയോളം അങ്ങനെയായി തീര്‍ന്നിരിക്കുന്നു. സഭയ്‌ക്ക് കൊടുക്കാവുന്നിടത്തോളം അവള്‍ കൊടുത്തിട്ടില്ല. മുന്‍‌കാലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും അവള്‍ക്ക് ലഭിച്ചിരുന്ന ബഹുമാന്യത ഇന്ന് അവള്‍ക്ക് ലഭിക്കുന്നില്ല. ഈ അടുത്ത കാലങ്ങളില്‍ അധ്യാപക അനധ്യാപക നിയമനത്തിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും പണം വാങ്ങുന്ന പല സംഭവങ്ങളും ഉണ്ട്. കേരള സമൂഹവും സുപ്രീം കോര്‍ട്ടും അപലപിച്ചിട്ടുള്ള കാര്യമാണ് ഇത്. നമ്മുടെ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്കുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നതിന് ഇങ്ങനെ പണം വാങ്ങേണ്ടതുണ്ട് എന്ന വാദത്തോട് എനിക്കു യോജിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ആവശ്യമായ ഗ്രാന്റ് നല്‍കാതിരിക്കുന്നത് ഗവണ്മെന്റ് ചെയ്യുന്ന ഒരു അനീതിയാണ്. എന്നാല്‍ അതിനെക്കാള്‍ തെറ്റാണ് ഒരു വ്യക്തിയുടെ മെറിറ്റ് കണക്കിലെടുക്കാതെ ജോലി നിഷേധിച്ച് പണമുള്ളവര്‍ക്ക് ജോലി കൊടുക്കുന്നത്. ജോലിക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് വമ്പിച്ച ഹൃദയവേദന ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥിപ്രവേശനത്തിലും ഇക്കാര്യം വാസ്‌തവമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പലര്‍ക്കും ചോദിക്കുന്ന പണം കൊടുക്കാതെ വരുമ്പോള്‍ പ്രവേശനം നിഷേധിക്കുന്നതും തെറ്റാണ്. ഈ വിധത്തില്‍ കൈമാറപ്പെടുന്നത് വന്‍ തുകകളാണ്. അത് ചിലപ്പോള്‍ ലക്ഷക്കണക്കിനുതന്നെയാണ്. പല സ്ഥാപനങ്ങളും ഈ പണം അവയുടെ നടത്തിപ്പിനും വികസനത്തിനും അല്ലാതെ മറ്റു രംഗങ്ങളിലാണ് മുടക്കുന്നത്. സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ നല്ല മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ജോലിക്കാരില്‍നിന്നും വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളില്‍നിന്നും അധ്യാപകരക്ഷാകര്‍തൃ സംഘടനയിലൂടെ പണം പിരിക്കാവുന്നതാണ്. നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങുന്നതും നിയമനത്തിന് തുക നിശ്ചയിക്കുന്നതും ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല.“

ഇവിടെ മാര്‍ വിതയത്തില്‍ പറയുന്നതുപോലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ നഗ്നമായ രീതിയില്‍ കോടിക്കണക്കിന് പണം വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വാങ്ങുന്നുണ്ട്. അദ്ദേഹം പല പ്രസ്‌താവനകളിലൂടെയും ഇതിന്റെ അധാര്‍മ്മികതയെ അപലപിച്ചിട്ടുണ്ട്. പക്ഷേ എന്തു സംഭവിച്ചു? എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞോ? മനഃപരിവര്‍ത്തനം ഉണ്ടായോ? ഇല്ലതന്നെ. അപ്പോള്‍ പിന്നെ ഈ അധര്‍മ്മത്തെ നിയന്ത്രിക്കാന്‍ എന്താണ് മാര്‍ഗം? നിയമനിര്‍മാണത്തിലൂടെയല്ലാതെ ഈ അഴിമതിയെ തടയാനാവുമോ? വിദ്യാഭ്യാസരംഗത്ത് പ്രകടമായി നടക്കുന്ന ഈ അഴിമതിക്കെതിരെ സ്‌റ്റേറ്റിന് നിയമനിര്‍മ്മാണം നടത്താതിരിക്കാന്‍ കഴിയില്ല. കാരണം സ്വകാര്യ വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ പണമിറക്കുന്നത് ഗവണ്മെന്റാണ്. ഈ അഴിമതിയെ എതിര്‍ക്കുന്നതിനായി എപ്പോഴെല്ലാം സ്‌റ്റേറ്റ് രംഗത്തുവന്നിട്ടുണ്ടോ അപ്പോഴെല്ലാം സഭ എതിര്‍ക്കുകയല്ലേ ചെയ്‌തത്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശത്തിന്റെ മറവിലല്ലേ വിദ്യാഭ്യാസ സഭാസ്ഥാപനങ്ങള്‍ ഈ അഴിമതികള്‍ നടത്തുന്നത്?

ഈ അഴിമതിയുടെ സാമൂഹികവും ധാര്‍മികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സഭ ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കേണ്ടതല്ലേ?

സിറോ മലബാര്‍ സഭയുടെ തലവനെന്ന നിലയിലും വലിയ ഒരു രൂപതയുടെ തലവനെന്ന നിലയിലും അങ്ങേയ്‌ക്ക് ഇതു സംബന്ധമായി എന്തെങ്കിലും ചെയ്‌തുകൂടേ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം ഉത്തരം നല്‍കുന്നു: “എനിക്ക് ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്‌തു, ഈ വിഷയത്തെക്കുറിച്ച് ഞാന്‍ പല ഇടയലേഖനങ്ങളും എഴുതി. കത്തോലിക്കാ സ്ഥാപനങ്ങള്‍ അധ്യാപകനിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങരുതെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പ്രഖ്യാപിച്ചു. എന്നാല്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ചിലര്‍ അനുസരിക്കുന്നില്ല. എന്റെ നിലപാടിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്റെ നിലപാട് എല്ലാവര്‍ക്കും അറിയാം. മാര്‍ക്‍സിസ്‌റ്റുകള്‍ വരെ അതിനെ പല പ്രാവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ പണം വാങ്ങിയവരോട് തിരിച്ചുകൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവരാരും അതു അനുസരിച്ചില്ല. എനിക്ക് ഒരു മാര്‍ഗമേ ഉള്ളൂ. ഇത്തരം ആളുകള്‍ ഗവണ്മെന്റിനെ അറിയിക്കുകയും അവരെ അറസ്‌റ്റുചെയ്‌ത് ജയിലിലിടുകയും ചെയ്യുക.”

മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മാര്‍ത്ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇക്കാലമത്രയും സഭയ്‌ക്കുള്ളില്‍ ഈ അഴിമതി നടന്നിട്ടും അദ്ദേഹത്തിന് ആരെയെങ്കിലും പിടികൂടാന്‍ കഴിഞ്ഞോ? വിദ്യാഭ്യാസ രംഗത്തെ അഴിമതി എത്രകാലമായി ഇവിടെ തുടരുന്നു. ധ്യാനങ്ങളും നവീകരണ വര്‍ഷങ്ങളും നീതിയുടെ ദിനങ്ങളും എല്ലാം നാം കൊണ്ടാടി. പക്ഷേ വിദ്യാഭ്യാസരംഗത്തെ അഴിമതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ബഹുമാനപ്പെട്ട വടക്കനച്ചന്റെ “എന്റെ കുതിപ്പും കിതപ്പും” എന്ന ആത്മകഥയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ തുച്‌ഛ ശമ്പളത്തില്‍ നിന്നും മാനേജരച്ചന്മാര്‍ പണം തട്ടിയെടുത്തതായി എഴുതിയിട്ടുണ്ട് (പേജ് 26). അതുപോലെതന്നെ വിമോചന സമരകാലത്ത് ഇനി ഇത് ആവര്‍ത്തിക്കുകയില്ലാ എന്ന് തൃശൂര്‍ ബിഷപ്പ് പരസ്യമായി ഉറപ്പു നല്‍കിയിട്ടും വിമോചനസമരത്തിനു ശേഷം അധ്യാപകനിയമനത്തിന് പണം വാങ്ങിയ കാര്യം വ്യക്തമായി എഴുതുന്നുണ്ട്.

അപ്പോള്‍ കുഷ്‌ഠരോഗം പോലെ ഇന്ന് കത്തോലിക്കാവിദ്യാലയങ്ങളെ ബാധിച്ചിരിക്കുന്ന ഈ രോഗത്തിനെ ആരാണ് പ്രതിരോധിക്കേണ്ടത്? അതിന് ഗവണ്മെന്റിന് മാത്രമേ കഴിയൂ എന്നു വ്യക്തമല്ലേ? ആ ഉത്തരവാദിത്വം ഗവണ്മെന്റ് ഏറ്റെടുക്കുമ്പോള്‍ അത് സഭയ്‌ക്കെതിരെയുള്ള നീക്കമാണെന്നു പറഞ്ഞ് ഇടയലേഖനങ്ങള്‍ എഴുതുന്ന മെത്രാന്മാരും ഇവിടെയില്ലേ? വിദ്യാഭ്യാസ മേഖല തങ്ങള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനും പണം സമ്പാദിക്കാനും ഉള്ള രംഗമായി ഇന്ന് പല രൂപതകളും സന്ന്യാസ-സന്ന്യാസിനീ സഭകളും കരുതുന്നു. മാര്‍ വര്‍ക്കി വിതയത്തിലിന്റെ മൂക്കിനു കീഴില്‍ ഇത് ഇന്ന് നിര്‍ബാധം നടക്കുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ ധര്‍മബോധം ഇതില്‍ ദുഃഖിതമായിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ദുഃഖം കൊണ്ടും ധര്‍മരോഷം കൊണ്ടും ആര്‍ക്കാണ് മനഃപരിവര്‍ത്തനം ഉണ്ടാവുക? വിദ്യാഭ്യാസരംഗത്തെ അഴിമതി നിയന്ത്രിക്കാന്‍ ഒരു നിയമം വേണമെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ഇന്ന് നടമാടുന്ന വ്യാപകമായ അഴിമതിമൂലം സമൂഹത്തിനുണ്ടാകുന്ന അധര്‍മത്തിന്റെ തിരകളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സഭ മനസ്സിലാക്കിയിട്ടുണ്ടോ?

മുലപ്പാലില്‍ വിഷം ചേര്‍ക്കുന്നതുപോലെ അപകടകാരിയാണ് ഇത്. കത്തോലിക്കാ ബാലന്‍ അവന്റെ വീട്ടില്‍നിന്നും സമൂഹത്തില്‍നിന്നും ധാര്‍മികതയുടെ പാഠങ്ങളും പഠിച്ചാണ് വിദ്യാഭ്യാസരംഗത്തേയ്‌ക്ക് പടി ചവിട്ടുന്നത്. അവന്റെ മനസ്സില്‍ അവന് മാമോദീസ നല്‍കിയ, വേദോപദേശം നല്‍കിയ, കുമ്പസാരിച്ച് കുര്‍ബാനകൊടുത്ത, പള്ളിപ്രസംഗങ്ങളിലൂടെ ജീവിതമൂല്യങ്ങള്‍ നിരത്തിവെച്ച വൈദികന്‍ ധാര്‍മ്മികതയുടെ പ്രതിനിധിയാണ്. ആ വൈദികന്‍ മാനേജരായ പള്ളിക്കൂടത്തില്‍ ആ ബാലന്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനെത്തുമ്പോള്‍ ആ വൈദികന്‍ എല്ലാ ധാര്‍മികതകളെയും കൈവിട്ട് വന്‍‌തുക നിയമവിരുദ്ധമായി വാങ്ങുന്നതുകാണുമ്പോള്‍ അവന്റെ ഉള്ളിലുണ്ടാകുന്ന ധാര്‍മികമായ ഞെട്ടല്‍ എത്ര വലുതായിരിക്കും. ഇത് അവന്റെ ജീവിതകാലം മുഴുവന്‍ അവന്റെ കര്‍മരംഗത്തെ സ്വാധീനിക്കും.

30 ലക്ഷം രൂപ നിയമവിരുദ്ധമായി പ്രവേശന ഫീസായി കൊടുത്ത് ഡോക്‍ടര്‍ ആകുന്ന ഒരാള്‍ പണമുണ്ടാക്കാന്‍ കൈക്കൂലി വാങ്ങുന്നതും അവശരായ രോഗികളെപ്പോലും ചൂഷണം ചെയ്യുന്നതും ഒരാള്‍ക്ക് ഒരിക്കലും തെറ്റായി തോന്നുകയില്ല. കാരണം നിയമലംഘനം നടത്തി തന്നോട് കൈക്കൂലി വാങ്ങിയത് “ക്രിസ്‌തുവിന്റെ പ്രതിനിധികളായ” പുരോഹിതരാണ് എന്ന് അവനറിയാം. അവര്‍ക്കില്ലാത്ത ധാര്‍മികത എന്തിന് എനിക്കുണ്ടാകണം എന്നവന്‍ ചിന്തിക്കുന്നു. പതിനൊന്നാം ക്ലാസിലെ പ്രവേശനത്തിന് മെറിറ്റ് സീറ്റിന് നാലായിരം രൂപ വരെ അഴിമതിയായി കൊടുക്കുന്ന വിദ്യാര്‍ത്ഥി അവന്‍ ഉദ്യോഗസ്ഥനായി കഴിയുമ്പോള്‍ അഴിമതിയിലൂടെ പണം വാങ്ങുന്നത് തെറ്റല്ല എന്ന ഒരു പാഠം പഠിച്ചു കഴിഞ്ഞിരിക്കും. മെത്രാന്മാരും പുരോഹിതരും സന്ന്യാസീ സന്ന്യാസിനിമാരും നിയമം ലംഘിച്ച് തങ്ങളോടു വാങ്ങിയ അഴിമതിപ്പണം അഴിമതിയിലൂടെ ഉണ്ടാക്കുന്നതിലും തെറ്റില്ലെന്ന് അവര്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അങ്ങിനെ തലമുറകളില്‍ വിഷം ചേര്‍ക്കുന ഈ അനീതി അനിയന്ത്രിതമായി പെരുകിവരുമ്പോള്‍ അത് സമൂഹത്തെ ആകെ അധാര്‍മിക വീധിയിലേയ്‌ക്ക് നയിക്കുന്നു. ഇതിനെക്കുറിച്ച് ആരും ദുഃഖിക്കുന്നില്ല. സി. ജെസ്‌മിയുടെ ആത്മകഥയില്‍ പറയുന്ന ഈ ഭാഗമെങ്കിലും മാര്‍ വര്‍ക്കി വിതയത്തില്‍ വായിച്ചിരുന്നെങ്കില്‍. തൃശൂരിലെ കോളജില്‍ അധ്യാപകനിയമനത്തിന് പണം വാങ്ങുന്നതിനെ എതിര്‍ത്തതിന് അവരെ മഠത്തിന്റെ അധികാരികള്‍ ശാസിക്കുകയാണുണ്ടായത്. എന്തിണ് എല്ലാ സിസ്‌റ്റര്‍മാരും അവര്‍ക്കെതിരായിരുന്നു. ഇതിനര്‍ത്ഥം അഴിമതി നടത്തുന്നതിന് സമൂഹം പോലും അംഗീകരിക്കുന്ന മാനസിക പശ്ചാത്തലത്തിലേയ്‌ക്ക് നാം മാറിക്കഴിഞ്ഞു എന്നല്ലേ? കത്തോലിക്കാ വിദ്യാഭ്യാസരംഗത്ത് അഴിമതി ഇന്ന് ഒരു മാമൂലായി തീര്‍ന്നിരിക്കുകയാണ്. ഇന്നത് ആരെയും ഞെട്ടിക്കുന്നില്ല. മറിച്ച് നമ്മുടെ വിദ്യാഭ്യാസ സേവനത്തിന് ഇത് ആവശ്യമാണെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാനും ഇന്ന് സഭയ്‌ക്ക് കഴിയുന്നു. ധാര്‍മികമായി അധഃപതിച്ച ഒരു സമൂഹത്തെയാണ് ഇന്ന് കത്തോലിക്കാ സഭ സൃഷ്‌ടിച്ചിരിക്കുന്നത്.

Wednesday, May 13, 2009

ബ്ലൈന്‍ഡ് ഒബീഡിയന്‍സ്

ലത്തീനും സുറിയാനിയും ഇംഗ്ലീഷും പഠിക്കുന്നുണ്ടായിരുന്നു. അതോടൊപ്പം ആദ്ധ്യാത്മികാഭ്യാസങ്ങളും. ഒരു ദിവസം blind obedience-നെപ്പറ്റി റെക്ടറച്ചന്‍ ക്ലാസ്സ് എടുത്തു. ഒരു തെങ്ങിന്‍‌തൈ തലകീഴായി കുഴിച്ചിടാന്‍ അധികാരികള്‍ കല്പിച്ചാല്‍ ചോദ്യം ചെയ്യാതെ അനുസരിച്ചുകൊള്ളണം. അടുത്ത ദിവസം ക്ലാസ്സില്‍ അതിന്റെ പ്രാക്ടിക്കല്‍ നടന്നു. റെക്ടറച്ചന്‍ പറഞ്ഞു I say now it is midnight. സിറിയക് താഴത്തുവീട്ടില്‍ പറഞ്ഞു, “Yes Father, it is midnight...” അടുത്ത ചോദ്യം... Next കുന്നംകോട്ട് കുട്ടി പറഞ്ഞു, Yes midnight. റെക്ടറച്ചന്‍: Next... എല്ലാവരും Midnight പറഞ്ഞു. Next, Mundackan. ഞാന്‍ പറഞ്ഞു, Now it is 10 o'clock in the morning. The clock shows the same. റെക്ടറച്ചന്‍ വളരെ ശക്തിയായി next... next... ഉത്തരങ്ങള്‍.. midnight. ചേര്‍ത്തലക്കാരന്‍ കുന്നും‌പുറം എഴുന്നേറ്റുനിന്ന് വലതുകൈ കൊണ്ട് വായ് പൊത്തി ഭവ്യതയോടെ പറഞ്ഞു, എനിക്കു തോന്നുന്നത് ഇപ്പോള്‍ പകലെന്നാണ്. ബാക്കിയുള്ളവരെല്ലാം midnight തന്നെ പറഞ്ഞു. എല്ലാവരും പറഞ്ഞു കഴിഞ്ഞപ്പോള്‍ റെക്ടറച്ചന്‍ അലറി, You two fellows have no blind obedience,
patent portae (The gates are open). You can get out anytime you want. മറുവശത്ത് മറുപടിയൊന്നും പറഞ്ഞില്ല. കാരണം, വൈദികനാകണമെന്നുണ്ടായിരുന്നു. പുറത്തു പോകാനാണെങ്കില്‍ ഗെയിറ്റ് പൂട്ടിയാലും മതിലു ചാടിക്കടക്കാനുള്ള കരുത്ത് അന്നുണ്ടായിരുന്നു.

(
പ്രീതിനോക്കാതെയും ഭീതികൂടാതെയും, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, പേജ് 18.)

Monday, April 27, 2009

ആട് ലേഖനം
മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട്

ജോസഫ് പുലിക്കുന്നേല്‍


ദൈവപരിപാലനമില്ലാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍ അതിരൂപതാ മെത്രാപ്പൊലിത്താ) എഴുതിയ ഇടയലേഖനം 785/2009 P1 06-05-09 തൃശൂര്‍ രൂപതയിലെ എല്ലാ പള്ളികളിലും വായിക്കുകയുണ്ടായി. സാധാരണയായി മെത്രാന്മാര്‍ തങ്ങള്‍ എഴുതുന്ന ഇടയലേഖനങ്ങളുടെ ആധികാരികത സൂചിപ്പിക്കുന്നതിനായി ആരംഭിക്കുക “ദൈവപരിപാലനയില്‍” എന്ന വിശേഷണത്തോടെയാണ്. പക്ഷേ ഇവിടെ വിമര്‍ശിതമാകുന്ന ഇടയലേഖനത്തില്‍ ഈ ആധികാരികതയില്ല എന്നത് വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേറൊന്ന് ഈ ഇടയലേഖനം അവസാനിക്കുന്നത് “സ്നേഹപൂര്‍വം നിങ്ങളുടെ വത്സല പിതാവ്” എന്ന കുറിമാനത്തോടെയാണ്. “‘നിങ്ങള്‍ പിതാവ് എന്ന് വിളിക്കപ്പെടരുത്” എന്ന യേശുവിന്റെ കല്പന (മത്താ. 23:9) ധിക്കരിച്ചുകൊണ്ടാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വയം നിങ്ങളുടെ “വത്സല പിതാവാ”യത് എന്നും കൂടി ഓര്‍മ്മിപ്പിക്കട്ടെ. അദ്ദേഹം ഈ ഇടയലേഖനത്തില്‍ മുഖ്യമായും വിമര്‍ശനവിധേയമാക്കുന്നത് അടുത്തയിടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ഗവണ്മെന്റിനു സമര്‍പ്പിച്ച സഭയുടെ ഭൗതിക സ്വത്ത് ഭരിക്കുന്നതു സംബന്ധിച്ച നിയമ(ശുപാര്‍ശ)ത്തെയാണ്.

അദ്ദേഹം എഴുതുന്നു. “ദൈവവിശ്വാസത്തില്‍നിന്ന് അകലുന്നതിലൂടെ ഉണ്ടാകുന്ന തിന്മയുടെ വ്യാപനത്തില്‍നെതിരെ ദൈവവിശ്വാസി ജാഗരൂകത പുലര്‍ത്തണം. ദൈവനിഷേധം, ക്രിസ്തുനിഷേധം, മതനിഷേധം, സഭാനിഷേധം, കുടുംബനിഷേധം എന്നിവയെ ഇന്നിന്റെ ഫാഷനെന്നപോലെ നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവ കത്തോലിക്കാവിശ്വാസികളെ വ്യക്തിപരമായും സഭയെ പൊതുവിലും വേട്ടയാടുന്നുണ്ട്. കത്തോലിക്കാസഭയ്ക്കെതിരെയുള്ള നിഷേധാത്മകമായ പ്രചരണങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിനെതിരെയുള്ള വെല്ലുവിളി തന്നെയാണ്. കത്തോലിക്കാവിശ്വാസത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും സഭാജീവിതം നയിക്കാതെയും സഭയെ വിമര്‍ശിക്കുന്നവര്‍ സഭയെ വെറുമൊരു ലൗകികസംഘടനയായി കരുതി മറ്റു ലൗകികപ്രസ്ഥാനങ്ങളോടു താരതമ്യം ചെയ്യുന്നു. മനുഷ്യന്റെ ഭൗതികമായ ഉത്കര്‍ഷത്തിനുവേണ്ടി സഭ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സഭയുടെ പരമലക്ഷ്യം ഭൗതികമല്ല. അതിനാല്‍ സഭയെ ഭൗതികമായി മാത്രം വിലയിരുത്തുന്ന കാഴ്ചപ്പാടുകള്‍ വികലമാകുന്നു. ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് സഭയുടെ അംഗങ്ങള്‍. അതിനാല്‍ മനുഷ്യസഹജമായ പോരായ്മകള്‍ സഭാംഗങ്ങളിലും കണ്ടെന്നിരിക്കും. സഭയ്ക്ക് ഈ ബോധ്യം നന്നായി ഉണ്ട്. അതുകൊണ്ടാണ് പാപികളെ വിളിക്കാന്‍ വന്ന യേശു (മത്താ. 9:13), തന്റെ പാപമോചനാധികാരം സഭയ്ക്കുനല്‍കിയത്. ആരോപണങ്ങളോ കുറ്റവിചാരണയോ നടത്തുകയല്ല സഭയുടെ ദൗത്യം; പാപമോചനവും വിശുദ്ധീകരണവുമാണ്. യേശു സഭയെ ഭരമേല്പിച്ചിട്ടുള്ള ദൈവവചനത്താലും കൂദാശകളാലും ആത്മവിശുദ്ധീകരണം നേടി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനും “ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും” (മത്താ. 6:33) സാക്ഷാത്കരിക്കുന്നതിനുമാണ് സഭാംഗങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സഭയുടെ ഘടനയും പ്രവര്‍ത്തനരീതികളും ഈ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. കാലഘട്ടത്തിനനുസരിച്ച് മനുഷ്യര്‍ നിര്‍വ്വചിക്കുന്ന മാനവികതയല്ല, യേശു വെളിപ്പെടുത്തുന്ന ദൈവരാജ്യത്തിനുചേര്‍ന്ന മാനവികതയാണ് സഭ പിന്തുടരുന്നത്. അതിനാല്‍ ഭൗതികപ്രസ്ഥാനങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതികളും അവലംബിക്കുന്നത് സഭയുടെ ദൗത്യത്തിനു ചേര്‍ന്നതല്ല. ഭൗതികകാഴ്ചപ്പാടുകളും സഭയുടെ നിലപാടുകളും തമ്മില്‍ ഇതുമൂലം സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ സഭ വിലയിരുത്തുന്നുണ്ടെങ്കിലും അവയുമായി സഭയ്ക്ക് സന്ധി ചെയ്യാനാകില്ല.

കേരള നിയമപരിഷ്കരണ കമ്മിഷന്‍ പുതിയ നിയമനിര്‍മ്മാ‍ണത്തിനായി സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശകളില്‍ ചിലത് മേല്‍പ്പറഞ്ഞ സമീപനത്തിന്റെ ഫലമാണ്. ഇവയൊന്നും നിയമമാക്കാനല്ല, ചര്‍ചയ്ക്കുവേണ്ടിയാണ് എന്ന് ഇവ തയ്യാറാക്കിയവര്‍ തന്നെ പറഞ്ഞിട്ടുള്ളതായി അറിയുന്നു. നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനമായ പൊതുനന്മ ലക്ഷ്യമാക്കിയാണ് ഈ നിയമശിപാര്‍ശകള്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് കരുതാനാകില്ല. സഭയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടോ സഭയോടു ചര്‍ച്ച ചെയ്തിട്ടോ അല്ല ഈ ശിപാര്‍ശകള്‍ കൊണ്ടു വന്നിട്ടുള്ളത്. സഭയുടെ നിയമങ്ങളോ ദൈവശാസ്ത്രമോ പാരമ്പര്യമോ മാനിക്കാതെ വിവാദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അവ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയെ ദുര്‍ബലപ്പെടുത്തുന്നതിന് ലക്ഷ്യം വയ്ക്കുന്നതാണ്. ഇവ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ സെക്യുലറിസം അഥവാ മതേതരത്വം. ഈ രാജ്യത്ത് വസിക്കുന്നവര്‍ക്ക് അവരവരുടെ മതവിശ്വാസം പ്രഖ്യാപിക്കാനും അതനുസരിച്ച് ജീവിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. കത്തോലിക്കരുടെ മതജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങളാണ് സഭയുടെ കാനന്‍ നിയമങ്ങള്‍. അവ ലോകമെമ്പാടും സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇന്ത്യന്‍ സുപ്രീം കോടതിയും കാനന്‍ നിയമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും അവയെ ഒക്കെ അസാധുവാക്കുന്ന വിധമാണ് ഈ ശിപാര്‍ശകള്‍ കൊണ്ടുവന്നിട്ടുള്ളത്. വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ അഭിപ്രായം രൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ (കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്‍, 2) ഉദ്ദേശിക്കുന്നില്ല എന്ന് അവകാശപ്പെടുന്ന സമിതി നിയമങ്ങളാക്കാന്‍ സമര്‍പ്പിച്ചിരിക്കുന്ന ശിപാര്‍ശകള്‍ യഥാര്‍ത്ഥത്തില്‍ സഭാവിശ്വാസത്തെയും പാരമ്പര്യത്തെയും മാറ്റിമറിക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്.”

നമുക്ക് ഈ ഇടയലേഖനത്തെ ഒന്നു പഠിക്കാം. ഈ നിയമപരിഷ്കരണ ശിപാര്‍ശകളില്‍ സഭയുടെയോ വൈദികരുടെയോ സന്ന്യസ്തരുടെയോ കൂദാശപരമായ ഒരവകാശങ്ങളെയും നിഷേധിക്കുന്നില്ല. മറിച്ച് സഭയുടെ സമ്പത്ത് ഭരിക്കുന്നത് സംബന്ധിച്ച് മാത്രമുള്ള നിര്‍ദ്ദേശങ്ങളാണ്. ഈ നിര്‍ദ്ദേശങ്ങളൊന്നും സഭാ പാരമ്പര്യത്തെയോ സഭാ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്നതല്ല.

സഭാഭരണത്തില്‍ മൂന്നുതരം അലംഘനീയമായ തത്വങ്ങളുണ്ടാകണം.

1. ഏതു ഭൗതിക നിയമവും സുവിശേഷാടിസ്ഥാനത്തില്‍ സാധൂകരിക്കപ്പെടേണ്ടതാണ്. യേശു ഒരിക്കലും സമ്പത്തിന്റെ ഭരണം നടത്തിയിട്ടില്ല. പിതാവായ ദൈവം തന്നെ ഏല്പിച്ചിരുന്ന കടമ സ്വത്തു ഭരിക്കലല്ലെന്ന് അവിടുത്തേക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവിടുന്ന് “എന്റെ രാജ്യം ഐഹികമല്ല” എന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചത്.

2. അപ്പോസ്തലന്മാരും ഒരിക്കലും സഭയുടെ സമ്പത്ത് ഭരിച്ചിരുന്നില്ല. മാത്രമല്ല സമ്പത്തിന്റെ ഭരണവും ആത്മീയപരിപാ‍ലനവും വ്യത്യസ്ത മേഖലകളാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അപ്പോസ്തലന്മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. “ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: ‘ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കൂ. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാ‍കട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.” (അപ്പോ. പ്രവ. 6: 2-4)

ഇവിടെ ഭൗതികഭരണം സഭയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ പൂര്‍ണ്ണമായി ഏല്പിച്ചുകൊടുത്തുകൊണ്ട് അപ്പോസ്തലന്മാര്‍ അവരില്‍ നിക്ഷിപ്തമായ ആദ്ധ്യാത്മിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുകൊള്ളാം എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അതായത്, അപ്പോസ്തലന്മാര്‍ക്ക് സഭയുടെ ഭൗതിക സമ്പത്ത് ഭരിക്കുന്നതിന് ഒരു താല്പര്യവുമില്ലായിരുന്നു.

നസ്രാണിസഭ

അതിപുരാതനമായ നസ്രാണിസഭയുടെ ഭൗതികവസ്തുക്കളുടെ ഭരണവ്യവസ്ഥ ആദിമക്രൈസ്തവരുടെ ഭൗതിക ഭരണവ്യവസ്ഥയെ അനുസ്മരിപ്പിക്കുന്ന “മാര്‍ത്തോമ്മയുടെ നിയമം” എന്ന പാരമ്പര്യമായിരുന്നു. ഇടയലേഖന കര്‍ത്താവായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് "The Law of Thomas" (മാര്‍ത്തോമ്മായുടെ നിയമം) എന്ന ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്. പൗരസ്ത്യ വിദ്യാപീഠം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, വടവാതൂര്‍, കോട്ടയം, പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ തന്നെ “The Juridical Sources of the Syro-Malabar Church" എന്ന ഗ്രന്ഥത്തില്‍ നമ്മുടെ പൂര്‍വ പള്ളിഭരണ സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “പള്ളികളുടെ ഭരണം യോഗം എന്ന പേരിലറിയപ്പെടുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സംഘടനയിലാണ് നിക്ഷിപ്തമായിരുന്നത്. മൂന്നുതരം യോഗങ്ങളുണ്ടായിരുന്നു. ഇടവകയോഗം, ദേശീയയോഗം, മഹായോഗം. (മഹായോഗം അല്ലെങ്കില്‍ പൊതുയോഗം അല്ലെങ്കില്‍ മലബാര്‍/മലങ്കര പള്ളിയോഗം.) വൈദികരും പ്രായപൂര്‍ത്തിയായ അംഗങ്ങളും ചേര്‍ന്നതായിരുന്നു ഇടവകയോഗം. ഈ യോഗമാണ് പള്ളികളെ എല്ലാക്കാലവും ഭരിച്ചിരുന്നത്. പുരോഹിതരുടെയും പള്ളികളുടെ അറ്റകുറ്റപ്പണിക്കും വേണ്ട് പണം അവരാണ് സംഭരിച്ചിരുന്നത്. ഇടവകയുടെ ട്രസ്റ്റികള്‍ ഇടവകയിലെ ബഹുമാനപ്പെട്ട അംഗങ്ങളായിരുന്നു. അതാ‍യിരുന്നു, നമ്മുടെ പാരമ്പര്യം. ........... മലബാര്‍ സഭയില്‍ അല്‍മായര്‍ക്കുണ്ടായിരുന്ന ഉന്നത സ്ഥാനം പള്ളികളുടെ ഈ ഭരണ വ്യവസ്ഥയില്‍ പ്രകാശിതമായിരുന്നു. പുരോഹിതരും ബഹുമാന്യരായ അല്‍മായ നേതാക്കന്മാരും ഒരുമിച്ചു ചേര്‍ന്നതായിരുന്നു ഈ ഭരണ വ്യവസ്ഥ. സഭയുടെ കല്പനകളെ ധിക്കരിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള അധികാരവും ഈ യോഗത്തിനുണ്ടായിരുന്നു. പുരോഹിതയോഗങ്ങളില്‍ അല്‍മായ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1583-ല്‍ അങ്കമാലിയില്‍ ചേര്‍ന്ന സൂനഹദോസും 1599-ല്‍ ഉദയം‌പേരൂരില്‍ വച്ചു നടന്ന സൂനഹദോസും ഇതിന് സാക്ഷ്യം വഹിക്കുന്നു." (തര്‍ജ്ജമ സ്വന്തം, പേജ് 41, 44)

നസ്രാണിസഭയുടെ പരമ്പരാ‍ഗതമായ പള്ളി സംവിധാനത്തെക്കുറിച്ച് പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ ഇങ്ങനെ എഴുതുന്നു: “മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വിടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും, പക്ഷേ ഞാന്‍ നിന്നോടു പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കണ്ട. നിന്റെ ഉപായവും തട്ടിപ്പുംകൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്കു വിറ്റിട്ടുമില്ല. ഞങ്ങളുടെ യോഗത്തിനു നിന്നെ സീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍ സ്വീകരിക്കും. മനസ്സില്ലെങ്കില്‍ ബലം പ്രയോഗിച്ച് സ്വീകരിപ്പിക്കാന്‍ നിന്നെക്കൊണ്ടു സാധ്യമല്ല. ഇതു നല്ലവണ്ണം ധരിച്ചുകൊള്ളുക. മേലാലെങ്കിലും ഇത്തരം ഹുങ്കാരവചനങ്ങള്‍ ആരോടും പറയാനിടയാകരുത്." (വര്‍ത്തമനപ്പുസ്തകം പേജ് 275)

1892-ല്‍ പാലായില്‍ ചേര്‍ന്ന “നസ്രാണി ഗുണദായിനീസഭ” താഴെ പറയുന്ന പ്രമേയം പാസ്സാക്കി. “പള്ളിക്കടുത്ത മുതല്‍കാ‍ര്യങ്ങള്‍ കീഴ്‌നടപ്പനുസരിച്ച് യോഗനിശ്ചയപ്രകാരം കൈകാര്യം ചെയ്യേണ്ടതും തര്‍ക്കവിഷയങ്ങളില്‍ മാത്രം മെത്രാനച്ചന്റെ മേലധികാരം പ്രയോഗിക്കേണ്ടതും അവിടത്തെ ന്യായമായ വിധിക്കു കീഴ്‌വഴങ്ങേണ്ടതുമാകുന്നു.” (നിധീരിക്കല്‍ മാണിക്കത്തനാര്‍, വി.സി. ജോര്‍ജ്, പേജ് 668)

നസ്രാണി സഭകളുടെ അധികാരവിന്യാസത്തെക്കുറിച്ച് പഠിച്ച് ഗവേഷണ പ്രബന്ധം എഴുതിയ റവ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ. മെത്രാന്മാരുടെ അധികാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മെത്രാന്മാര്‍ സമുദായത്തിന്റെ ഭൗതിക ഭരണത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് എല്ലാ ചരിത്രകാരന്മാരും മിക്കവാറും ഏകകണ്ഠമായി മെത്രാന്മാര്‍ അത്യപൂര്‍വ സന്ദര്‍ഭങ്ങളിലൊഴിച്ച് അത്തരം അധികാരങ്ങള്‍ പ്രയോഗിച്ചിരുന്നില്ല.” (Authority in the Catholic Community in Kerala, Jose Kuriyedath, Page 86, തര്‍ജ്ജമ സ്വന്തം)

അപ്പോള്‍ ക്രിസ്തുവിന്റെ കല്പനകള്‍ അനുസരിച്ചു അപ്പോസ്തലന്മാരുടെ തീരുമാനവും ആദിമസഭയുടെ പാരമ്പര്യമനുസരിച്ചും കേരള സഭയുടെ അതിപുരാതന പാരമ്പര്യമനുസരിച്ചും ഇന്ത്യയിലെ പള്ളികളുടെ ഭരണം എന്നും പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു.

1992-ല്‍ റോമായില്‍ പ്രഖ്യാപിച്ച പൗരസ്ത്യസഭയുടെ കാനോന്‍ നിയമമനുസരിച്ച് ഇന്ന് സഭയുടെ എല്ലാ സ്വത്തുക്കളും മെത്രാന്റെ ഭരണത്തിന്‍‌കീഴിലാണ്. അത്മായന് സഭയുടെ ഭരണത്തില്‍ യാതൊരവകാശവുമില്ല. മെത്രാന്മാരുടെ അധികാരം ഈ കാനോന്‍ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “തനിക്ക് ഭരമേല്ല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണനിര്‍വഹണ (executive) നീതിന്യായ (judicial) അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.” (കാനോന്‍ 191)

ഇടവകജനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ സഭയുടെ സ്വത്തിന്റെ ഭരണത്തില്‍ യാതൊരു പങ്കാളിത്തവുമില്ല. അപ്പോള്‍ ഒരു ചോദ്യമുദിക്കുന്നു. നമുക്ക് ഇപ്പോഴും പള്ളിയോഗങ്ങളില്ലേ? പേരിനു പള്ളിയോഗങ്ങളുണ്ട്. പക്ഷേ ആ പള്ളിയോഗത്തിന്റെ കടമകളെന്താണ്? “ഇടവകയിലുള്ള ദൈവജനകൂട്ടായ്മയും പ്രകടരൂപം എന്ന നിലയ്ക്കു ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും, ഇടവകയുടെ അജപാ‍ലനധര്‍മ്മത്തിലും സാമ്പത്തികകാര്യങ്ങളുടെ നിര്‍വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം.” (കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍, പേജ് 204) അതായത് ഇന്ന് ഉണ്ടെന്നു പറയുന്ന സഭായോഗത്തിന് ഉപദേശിക്കാനല്ലാതെ തീരുമാനിക്കാ‍ന്‍ അവകാശമില്ല. തീരുമാനമെല്ലാം അച്ചന്റെയും മെത്രാന്റെയും. സ്വത്തു നമ്മുടേതും.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നെ സമ്മതിക്കുന്നു, വി.ആര്‍. കൃഷ്ണയ്യരുടെ ബില്ല് ചര്‍ച്ചയ്ക്കുവേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന്. അതേ. ഈ ബില്ലുകളിലെ വകുപ്പുകള്‍ ഏതെങ്കിലും സഭയുടെ പാരമ്പര്യത്തിനും നന്മയ്ക്കും വിരുദ്ധമായുണ്ടെങ്കില്‍ മെത്രാന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ഗവണ്മെന്റില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതാണ്. പിന്നെ എന്തിനിത്ര ഭീതി? അദ്ദേഹം എഴുതുന്നത് നോക്കുക. “സഭയുടെ സ്വത്തുക്കളുടെ ഉടമ വിദേശിയായ മാര്‍പ്പാപ്പയാണ് എന്ന് നുണപ്രചരണം നടത്തി സഭാ‍വക സ്വത്തുക്കളുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമവും അപലപനീയമാണ്.” ഇവിടെ സ്വത്തുക്കളുടെ ഉടമാവകാശം മാര്‍പ്പാപ്പയില്‍ നിക്ഷിപ്തമാണെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല.

കാനോന്‍ നിയമം 1008 അനുസരിച്ച് ഇങ്ങനെ പറയുന്നു:
“1. സഭാ സ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാ മാര്‍പ്പാപ്പയാണ്.
2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാ മാര്‍പ്പാപ്പയുടെ പരമാധികാരത്തിന്‍‌കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.”

എന്തിനാണ് ഒരാള്‍ സ്വത്ത് സമ്പാദിക്കുന്നത്? അത് ഭരിക്കാനും സ്വതന്ത്രമായി അനുഭവിക്കാനുമാണ്. കാനോന്‍ നിയമം അനുസരിച്ച് പള്ളികളുടെയെല്ലാം ഉടമസ്ഥാവകാശം മാര്‍പ്പാപ്പയ്ക്കും മെത്രാനുമില്ല. പക്ഷേ മതപരമായ അധികാരം ഉപയോഗിച്ച് പള്ളികളുടെ ഭരണം മാര്‍പ്പാപ്പയിലും മാര്‍പ്പാപ്പാ നിയോഗിക്കുന്ന മെത്രാന്മാരിലും അവര്‍ നിയോഗിക്കുന്ന വികാരിയിലുമാണ്. ഈ വ്യവസ്ഥ മാറണം.

മുന്‍‌കാ‍ലങ്ങളില്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജാക്കന്മാരില്‍ നിക്ഷിപ്തമായിരുന്നു. അവര്‍ നിയോഗിക്കുന്ന വൈസ്രോയിമാരും വൈസ്രോയി നിയമിക്കുന്ന ഗവര്‍ണര്‍മാരും ഗവര്‍ണര്‍ നിയമിക്കുന്ന കളക്ടറുമായിരുന്നു ഇന്ത്യാ രാജ്യം ഭരിച്ചിരുന്നത്. രാജ്യം ഇന്ത്യാക്കാരുടെതാണ്. പക്ഷേ ഭരണാവകാശം ബ്രിട്ടീഷ് രാജാവിന്റേതും. ഈ കൊളോണിയല്‍ ഭരണ വ്യവസ്ഥ സഭയ്ക്കുള്ളില്‍ നിലനിര്‍ത്തണമോ? പള്ളികളുടെ സ്വത്തും സ്ഥാപനങ്ങളും അതിന്റെ ഉടമസ്ഥത ഇടവക ജനങ്ങളില്‍ നിക്ഷിപ്തമാണെങ്കില്‍ അതു ഭരിക്കാനുള്ള അവകാശവും അവര്‍ക്കുതന്നെയാണ് ഉണ്ടാകേണ്ടത്.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്റെ ഇടയലേഖനത്തില്‍ ഇടവകയോഗത്തിന്റെ ഭരണം വന്നാല്‍ ഇടവകകള്‍ ദൈവവിശ്വാസമില്ലാത്തവര്‍ പിടിച്ചെടുക്കുമെന്ന് ഒരു ഭീഷണിയുണ്ട് എന്നു പറയുന്നു. കേരളത്തിലെ കത്തോലിക്കേതര സഭാവിഭാഗങ്ങളില്‍ പള്ളികളുടെ ഭരണം ഇന്നും ഇടവകയോഗങ്ങളില്‍ നിക്ഷിപ്തമാണ്. മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതു പോലും വിശ്വാസികളാണ്. ഈ സഭകളിലൊന്നും നിരീശ്വരവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഭരണം പിടിച്ചെടുത്തതായി ചരിത്രം ഇല്ല. എന്തിന് എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും ഒന്നും നിരീശ്വരവാദികള്‍ പിടിച്ചെടുത്തില്ല്ല. പിന്നെന്തിന് മെത്രാന്മാര്‍ ദൈവജനങ്ങളായ കത്തോലിക്കരെ ഭയപ്പെടുന്നു? ഇവിടെ വേറൊരു ചോദ്യം ഉദിക്കുന്നു. യൂറോപ്പിലെ ഒരു രാഷ്ട്രത്തിലും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും പള്ളികളുടെ ഭരണം പിടിച്ചെടുത്തിട്ടില്ല. പക്ഷേ അവിടെ വിശ്വാസികളുടെ എണ്ണം കേവലം പത്തു പന്ത്രണ്ടു ശതമാനമായി കുറഞ്ഞു. ഇന്ന് അവിടെ പള്ളികളും മഠങ്ങളും സന്യാസാശ്രമങ്ങളും അടഞ്ഞു കിടക്കുകയാണ്. ഒരു കാലത്ത് വിദേശത്തുനിന്നും ധാരാളം മിഷനറിമാര്‍ ഇവിടെയെത്തി. എന്നാല്‍ ഇന്ന് യൂറോപ്പിലും അമേരിക്കയിലും വൈദികരില്ലാത്തതുമൂലം വൈദികരേയും കന്യാസ്ത്രീകളെയും ഇവിടെനിന്നും കയറ്റുമതി ചെയ്യുകയാണ്.

പുണ്യവാളന്മാരുടെ ചാകര വിളയിച്ച യൂറോപ്പിലാണ് ഇതു സംഭവിച്ചത് എന്നോര്‍ക്കുക. ഇതിനു കാരണം അവിടുത്തെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഭരണം മാര്‍പ്പാപ്പയുടെയും മെത്രാന്മാരുടേതുമായിരുന്നു. എന്തുകൊണ്ടാണ് അവിടെ വിശ്വാസികളുടെ എണ്ണം കുറയുന്നത് എന്ന് മാര്‍ താഴത്ത് ഒന്നു ചിന്തിച്ചിരുന്നെങ്കില്‍!!! യൂറോപ്പില്‍ പള്ളികളുടെ ഭൗതിക ഭരണം മെത്രാന്മാരിലും പുരോഹിതരിലും നിക്ഷിപ്തമാക്കിയതോടുകൂടി അവര്‍ രാജാക്കന്മാരെപ്പോലെ ഇടവക ജനങ്ങളെ പീഡിപ്പിക്കാനാരംഭിച്ചു. സഭയും രാഷ്ട്രവും കൈകോര്‍ത്തു പിടിച്ചു നടത്തിയ ഈ “ദൈവജനപീഡന”മാണ് യൂറോപ്പില്‍ സഭയില്‍നിന്നും ജനങ്ങളെ അകത്തിയത്.

ക്രിസ്തു സഭയുടെ സ്വത്തു ഭരിച്ചിട്ടില്ല. അപ്പോസ്തലന്മാരും സ്വത്തു ഭരിച്ചിട്ടില്ല. കാരണം അവര്‍ ആദ്ധ്യാത്മികരായിരുന്നു. അധികാ‍രഭരണം സഭയെ ഇന്ന് കാന്‍സര്‍ പോലെ കാണെക്കാണെ കവര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്. 1996-ല്‍ റോമില്‍ വച്ചു നടന്ന സിറോമലബാര്‍ സഭയുടെ മെത്രാന്മാരുടെ സൂനഹദോസില്‍ ഇടപെട്ടുകൊണ്ട് റോബര്‍ട്ട് ടാഫ്‌റ്റ് എസ്.ജെ. ഇങ്ങനെ പറഞ്ഞു: “കിഴക്കോ പടിഞ്ഞാറോ തെക്കോ വടക്കോ ഉള്ള കത്തോലിക്കാ സഭയിലോ ഓര്‍ത്തഡോക്സ് സഭയിലോ ആകട്ടെ കേരളത്തിലെ കത്തോലിക്കാ സഭയെപ്പോലെ മറ്റൊരു സഭയുമില്ല. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഒരു ദീപസ്തംഭം. ഈ സഭയുടെ വിശ്വാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു.”

നമ്മുടെ പൂര്‍വികര്‍ ഈ വിശ്വാസത്തെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചത് മെത്രാന്മാരുടെ തൊപ്പിയോ വടിയോ അരമനയോ കൊണ്ടല്ല, മറിച്ച് അവരുടെ വിശ്വാസം കൊണ്ടാണ്. എന്നാല്‍ മെത്രാന്മാര്‍ ഈ വിശ്വാസം അവരുടെ ഭൗതിക ഭരണത്തിലൂടെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മുന്‍‌കാലത്ത് യൂറോപ്പില്‍നിന്ന് എത്തിയ മിഷനറിമാരുടെ നേരെ കൈചൂണ്ടി അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ ഇങ്ങനെ എഴുതി: “എന്താണീ സങ്കടങ്ങള്‍? അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടുത്തെ സങ്കടങ്ങള്‍. അതു തിന്നു കുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണു മലങ്കര ഇടവകയില്‍ക്കിടന്നു നീ പാ‍ടുപെടുന്നു എന്നു പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്ന് അവിടെ പിരിഞ്ഞു കിട്ടുന്ന നേര്‍ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്‍പ്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേയ്ക്കു കൊണ്ടുപോകുന്നു. പരമാര്‍ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കടങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണു മലങ്കരയില്‍ മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നീ ഓടി വരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കു വേണ്ടി പാടുപെടുവാന്‍ നിനക്കു മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ.” (വര്‍ത്തമാനപ്പുസ്തകം, പേജ് 274, 275)

മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനത്തിനു വേണ്ടിയുള്ള മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മത്സര ഓട്ടത്തില്‍ ഇത്തരം ചില തമാശകള്‍ അദ്ദേഹം പൊട്ടിക്കുന്നു എന്നു മാത്രം കരുതിയാല്‍ മതി.