Monday, April 27, 2009

ആട് ലേഖനം
മാര്‍ ആന്‍ഡ്രൂസ് താഴത്തിനോട്

ജോസഫ് പുലിക്കുന്നേല്‍


ദൈവപരിപാലനമില്ലാതെ മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍ അതിരൂപതാ മെത്രാപ്പൊലിത്താ) എഴുതിയ ഇടയലേഖനം 785/2009 P1 06-05-09 തൃശൂര്‍ രൂപതയിലെ എല്ലാ പള്ളികളിലും വായിക്കുകയുണ്ടായി. സാധാരണയായി മെത്രാന്മാര്‍ തങ്ങള്‍ എഴുതുന്ന ഇടയലേഖനങ്ങളുടെ ആധികാരികത സൂചിപ്പിക്കുന്നതിനായി ആരംഭിക്കുക “ദൈവപരിപാലനയില്‍” എന്ന വിശേഷണത്തോടെയാണ്. പക്ഷേ ഇവിടെ വിമര്‍ശിതമാകുന്ന ഇടയലേഖനത്തില്‍ ഈ ആധികാരികതയില്ല എന്നത് വിശ്വാസികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വേറൊന്ന് ഈ ഇടയലേഖനം അവസാനിക്കുന്നത് “സ്നേഹപൂര്‍വം നിങ്ങളുടെ വത്സല പിതാവ്” എന്ന കുറിമാനത്തോടെയാണ്. “‘നിങ്ങള്‍ പിതാവ് എന്ന് വിളിക്കപ്പെടരുത്” എന്ന യേശുവിന്റെ കല്പന (മത്താ. 23:9) ധിക്കരിച്ചുകൊണ്ടാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സ്വയം നിങ്ങളുടെ “വത്സല പിതാവാ”യത് എന്നും കൂടി ഓര്‍മ്മിപ്പിക്കട്ടെ. അദ്ദേഹം ഈ ഇടയലേഖനത്തില്‍ മുഖ്യമായും വിമര്‍ശനവിധേയമാക്കുന്നത് അടുത്തയിടെ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിഷന്‍ ഗവണ്മെന്റിനു സമര്‍പ്പിച്ച സഭയുടെ ഭൗതിക സ്വത്ത് ഭരിക്കുന്നതു സംബന്ധിച്ച നിയമ(ശുപാര്‍ശ)ത്തെയാണ്.

അദ്ദേഹം എഴുതുന്നു. “ദൈവവിശ്വാസത്തില്‍നിന്ന് അകലുന്നതിലൂടെ ഉണ്ടാകുന്ന തിന്മയുടെ വ്യാപനത്തില്‍നെതിരെ ദൈവവിശ്വാസി ജാഗരൂകത പുലര്‍ത്തണം. ദൈവനിഷേധം, ക്രിസ്തുനിഷേധം, മതനിഷേധം, സഭാനിഷേധം, കുടുംബനിഷേധം എന്നിവയെ ഇന്നിന്റെ ഫാഷനെന്നപോലെ നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവ കത്തോലിക്കാവിശ്വാസികളെ വ്യക്തിപരമായും സഭയെ പൊതുവിലും വേട്ടയാടുന്നുണ്ട്. കത്തോലിക്കാസഭയ്ക്കെതിരെയുള്ള നിഷേധാത്മകമായ പ്രചരണങ്ങള്‍ നമ്മുടെ വിശ്വാസജീവിതത്തിനെതിരെയുള്ള വെല്ലുവിളി തന്നെയാണ്. കത്തോലിക്കാവിശ്വാസത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെയും സഭാജീവിതം നയിക്കാതെയും സഭയെ വിമര്‍ശിക്കുന്നവര്‍ സഭയെ വെറുമൊരു ലൗകികസംഘടനയായി കരുതി മറ്റു ലൗകികപ്രസ്ഥാനങ്ങളോടു താരതമ്യം ചെയ്യുന്നു. മനുഷ്യന്റെ ഭൗതികമായ ഉത്കര്‍ഷത്തിനുവേണ്ടി സഭ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സഭയുടെ പരമലക്ഷ്യം ഭൗതികമല്ല. അതിനാല്‍ സഭയെ ഭൗതികമായി മാത്രം വിലയിരുത്തുന്ന കാഴ്ചപ്പാടുകള്‍ വികലമാകുന്നു. ഈ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് സഭയുടെ അംഗങ്ങള്‍. അതിനാല്‍ മനുഷ്യസഹജമായ പോരായ്മകള്‍ സഭാംഗങ്ങളിലും കണ്ടെന്നിരിക്കും. സഭയ്ക്ക് ഈ ബോധ്യം നന്നായി ഉണ്ട്. അതുകൊണ്ടാണ് പാപികളെ വിളിക്കാന്‍ വന്ന യേശു (മത്താ. 9:13), തന്റെ പാപമോചനാധികാരം സഭയ്ക്കുനല്‍കിയത്. ആരോപണങ്ങളോ കുറ്റവിചാരണയോ നടത്തുകയല്ല സഭയുടെ ദൗത്യം; പാപമോചനവും വിശുദ്ധീകരണവുമാണ്. യേശു സഭയെ ഭരമേല്പിച്ചിട്ടുള്ള ദൈവവചനത്താലും കൂദാശകളാലും ആത്മവിശുദ്ധീകരണം നേടി പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനും “ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും” (മത്താ. 6:33) സാക്ഷാത്കരിക്കുന്നതിനുമാണ് സഭാംഗങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. സഭയുടെ ഘടനയും പ്രവര്‍ത്തനരീതികളും ഈ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. കാലഘട്ടത്തിനനുസരിച്ച് മനുഷ്യര്‍ നിര്‍വ്വചിക്കുന്ന മാനവികതയല്ല, യേശു വെളിപ്പെടുത്തുന്ന ദൈവരാജ്യത്തിനുചേര്‍ന്ന മാനവികതയാണ് സഭ പിന്തുടരുന്നത്. അതിനാല്‍ ഭൗതികപ്രസ്ഥാനങ്ങളുടെ ഘടനയും പ്രവര്‍ത്തനരീതികളും അവലംബിക്കുന്നത് സഭയുടെ ദൗത്യത്തിനു ചേര്‍ന്നതല്ല. ഭൗതികകാഴ്ചപ്പാടുകളും സഭയുടെ നിലപാടുകളും തമ്മില്‍ ഇതുമൂലം സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ സഭ വിലയിരുത്തുന്നുണ്ടെങ്കിലും അവയുമായി സഭയ്ക്ക് സന്ധി ചെയ്യാനാകില്ല.

കേരള നിയമപരിഷ്കരണ കമ്മിഷന്‍ പുതിയ നിയമനിര്‍മ്മാ‍ണത്തിനായി സമര്‍പ്പിച്ചിട്ടുള്ള ശിപാര്‍ശകളില്‍ ചിലത് മേല്‍പ്പറഞ്ഞ സമീപനത്തിന്റെ ഫലമാണ്. ഇവയൊന്നും നിയമമാക്കാനല്ല, ചര്‍ചയ്ക്കുവേണ്ടിയാണ് എന്ന് ഇവ തയ്യാറാക്കിയവര്‍ തന്നെ പറഞ്ഞിട്ടുള്ളതായി അറിയുന്നു. നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനമായ പൊതുനന്മ ലക്ഷ്യമാക്കിയാണ് ഈ നിയമശിപാര്‍ശകള്‍ കൊണ്ടുവന്നിട്ടുള്ളതെന്ന് കരുതാനാകില്ല. സഭയില്‍ നിന്ന് ആവശ്യപ്പെട്ടിട്ടോ സഭയോടു ചര്‍ച്ച ചെയ്തിട്ടോ അല്ല ഈ ശിപാര്‍ശകള്‍ കൊണ്ടു വന്നിട്ടുള്ളത്. സഭയുടെ നിയമങ്ങളോ ദൈവശാസ്ത്രമോ പാരമ്പര്യമോ മാനിക്കാതെ വിവാദങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അവ യഥാര്‍ത്ഥത്തില്‍ കത്തോലിക്കാ സഭയെ ദുര്‍ബലപ്പെടുത്തുന്നതിന് ലക്ഷ്യം വയ്ക്കുന്നതാണ്. ഇവ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ല എന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എല്ലാ മതവിശ്വാസങ്ങളെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ സെക്യുലറിസം അഥവാ മതേതരത്വം. ഈ രാജ്യത്ത് വസിക്കുന്നവര്‍ക്ക് അവരവരുടെ മതവിശ്വാസം പ്രഖ്യാപിക്കാനും അതനുസരിച്ച് ജീവിക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നു. കത്തോലിക്കരുടെ മതജീവിതത്തിന്റെ അടിസ്ഥാന നിയമങ്ങളാണ് സഭയുടെ കാനന്‍ നിയമങ്ങള്‍. അവ ലോകമെമ്പാടും സ്വീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതാണ്. ഇന്ത്യന്‍ സുപ്രീം കോടതിയും കാനന്‍ നിയമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. എങ്കിലും അവയെ ഒക്കെ അസാധുവാക്കുന്ന വിധമാണ് ഈ ശിപാര്‍ശകള്‍ കൊണ്ടുവന്നിട്ടുള്ളത്. വിവിധ സഭകളുടെ വിശ്വാസ, ദൈവശാസ്ത്രപരമായ പ്രബോധനങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും തീരുമാനമെടുക്കുന്നതിനോ അഭിപ്രായം രൂപീകരിക്കുന്നതിനോ ഇടപെടുന്നതിനോ (കേരള ക്രൈസ്തവസഭയുടെ വസ്തുക്കളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ട്രസ്റ്റ് ബില്‍, 2) ഉദ്ദേശിക്കുന്നില്ല എന്ന് അവകാശപ്പെടുന്ന സമിതി നിയമങ്ങളാക്കാന്‍ സമര്‍പ്പിച്ചിരിക്കുന്ന ശിപാര്‍ശകള്‍ യഥാര്‍ത്ഥത്തില്‍ സഭാവിശ്വാസത്തെയും പാരമ്പര്യത്തെയും മാറ്റിമറിക്കാന്‍ ഉദ്ദേശിച്ചുള്ളത് തന്നെയാണ്.”

നമുക്ക് ഈ ഇടയലേഖനത്തെ ഒന്നു പഠിക്കാം. ഈ നിയമപരിഷ്കരണ ശിപാര്‍ശകളില്‍ സഭയുടെയോ വൈദികരുടെയോ സന്ന്യസ്തരുടെയോ കൂദാശപരമായ ഒരവകാശങ്ങളെയും നിഷേധിക്കുന്നില്ല. മറിച്ച് സഭയുടെ സമ്പത്ത് ഭരിക്കുന്നത് സംബന്ധിച്ച് മാത്രമുള്ള നിര്‍ദ്ദേശങ്ങളാണ്. ഈ നിര്‍ദ്ദേശങ്ങളൊന്നും സഭാ പാരമ്പര്യത്തെയോ സഭാ വിശ്വാസത്തെയോ ചോദ്യം ചെയ്യുന്നതല്ല.

സഭാഭരണത്തില്‍ മൂന്നുതരം അലംഘനീയമായ തത്വങ്ങളുണ്ടാകണം.

1. ഏതു ഭൗതിക നിയമവും സുവിശേഷാടിസ്ഥാനത്തില്‍ സാധൂകരിക്കപ്പെടേണ്ടതാണ്. യേശു ഒരിക്കലും സമ്പത്തിന്റെ ഭരണം നടത്തിയിട്ടില്ല. പിതാവായ ദൈവം തന്നെ ഏല്പിച്ചിരുന്ന കടമ സ്വത്തു ഭരിക്കലല്ലെന്ന് അവിടുത്തേക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് അവിടുന്ന് “എന്റെ രാജ്യം ഐഹികമല്ല” എന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചത്.

2. അപ്പോസ്തലന്മാരും ഒരിക്കലും സഭയുടെ സമ്പത്ത് ഭരിച്ചിരുന്നില്ല. മാത്രമല്ല സമ്പത്തിന്റെ ഭരണവും ആത്മീയപരിപാ‍ലനവും വ്യത്യസ്ത മേഖലകളാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ അപ്പോസ്തലന്മാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. “ആ പന്ത്രണ്ടുപേര്‍, ശിഷ്യസമൂഹത്തെ വിളിച്ചുകൂട്ടി പറഞ്ഞു: ‘ഞങ്ങള്‍ ദൈവവചന പ്രഘോഷണം ഉപേക്ഷിച്ച് ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെടുന്നത് ശരിയല്ല. അതിനാല്‍, സഹോദരരേ, നിങ്ങളുടെ ഇടയില്‍നിന്നു സമ്മതരും വിജ്ഞാനവും ആത്മാവും നിറഞ്ഞവരുമായ ഏഴുപേരെ തെരഞ്ഞെടുക്കൂ. അവരെ ഞങ്ങള്‍ ഈ ജോലിക്കായി നിയോഗിക്കാം. ഞങ്ങളാ‍കട്ടെ, പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും ഏകാഗ്രചിത്തരായി ഇരുന്നുകൊള്ളാം.” (അപ്പോ. പ്രവ. 6: 2-4)

ഇവിടെ ഭൗതികഭരണം സഭയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടവരില്‍ പൂര്‍ണ്ണമായി ഏല്പിച്ചുകൊടുത്തുകൊണ്ട് അപ്പോസ്തലന്മാര്‍ അവരില്‍ നിക്ഷിപ്തമായ ആദ്ധ്യാത്മിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുകൊള്ളാം എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. അതായത്, അപ്പോസ്തലന്മാര്‍ക്ക് സഭയുടെ ഭൗതിക സമ്പത്ത് ഭരിക്കുന്നതിന് ഒരു താല്പര്യവുമില്ലായിരുന്നു.

നസ്രാണിസഭ

അതിപുരാതനമായ നസ്രാണിസഭയുടെ ഭൗതികവസ്തുക്കളുടെ ഭരണവ്യവസ്ഥ ആദിമക്രൈസ്തവരുടെ ഭൗതിക ഭരണവ്യവസ്ഥയെ അനുസ്മരിപ്പിക്കുന്ന “മാര്‍ത്തോമ്മയുടെ നിയമം” എന്ന പാരമ്പര്യമായിരുന്നു. ഇടയലേഖന കര്‍ത്താവായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് "The Law of Thomas" (മാര്‍ത്തോമ്മായുടെ നിയമം) എന്ന ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട്. പൗരസ്ത്യ വിദ്യാപീഠം, പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ്, വടവാതൂര്‍, കോട്ടയം, പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ തന്നെ “The Juridical Sources of the Syro-Malabar Church" എന്ന ഗ്രന്ഥത്തില്‍ നമ്മുടെ പൂര്‍വ പള്ളിഭരണ സമ്പ്രദായത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: “പള്ളികളുടെ ഭരണം യോഗം എന്ന പേരിലറിയപ്പെടുന്ന മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ സംഘടനയിലാണ് നിക്ഷിപ്തമായിരുന്നത്. മൂന്നുതരം യോഗങ്ങളുണ്ടായിരുന്നു. ഇടവകയോഗം, ദേശീയയോഗം, മഹായോഗം. (മഹായോഗം അല്ലെങ്കില്‍ പൊതുയോഗം അല്ലെങ്കില്‍ മലബാര്‍/മലങ്കര പള്ളിയോഗം.) വൈദികരും പ്രായപൂര്‍ത്തിയായ അംഗങ്ങളും ചേര്‍ന്നതായിരുന്നു ഇടവകയോഗം. ഈ യോഗമാണ് പള്ളികളെ എല്ലാക്കാലവും ഭരിച്ചിരുന്നത്. പുരോഹിതരുടെയും പള്ളികളുടെ അറ്റകുറ്റപ്പണിക്കും വേണ്ട് പണം അവരാണ് സംഭരിച്ചിരുന്നത്. ഇടവകയുടെ ട്രസ്റ്റികള്‍ ഇടവകയിലെ ബഹുമാനപ്പെട്ട അംഗങ്ങളായിരുന്നു. അതാ‍യിരുന്നു, നമ്മുടെ പാരമ്പര്യം. ........... മലബാര്‍ സഭയില്‍ അല്‍മായര്‍ക്കുണ്ടായിരുന്ന ഉന്നത സ്ഥാനം പള്ളികളുടെ ഈ ഭരണ വ്യവസ്ഥയില്‍ പ്രകാശിതമായിരുന്നു. പുരോഹിതരും ബഹുമാന്യരായ അല്‍മായ നേതാക്കന്മാരും ഒരുമിച്ചു ചേര്‍ന്നതായിരുന്നു ഈ ഭരണ വ്യവസ്ഥ. സഭയുടെ കല്പനകളെ ധിക്കരിക്കുന്നവരെ ശിക്ഷിക്കുന്നതിനുള്ള അധികാരവും ഈ യോഗത്തിനുണ്ടായിരുന്നു. പുരോഹിതയോഗങ്ങളില്‍ അല്‍മായ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. 1583-ല്‍ അങ്കമാലിയില്‍ ചേര്‍ന്ന സൂനഹദോസും 1599-ല്‍ ഉദയം‌പേരൂരില്‍ വച്ചു നടന്ന സൂനഹദോസും ഇതിന് സാക്ഷ്യം വഹിക്കുന്നു." (തര്‍ജ്ജമ സ്വന്തം, പേജ് 41, 44)

നസ്രാണിസഭയുടെ പരമ്പരാ‍ഗതമായ പള്ളി സംവിധാനത്തെക്കുറിച്ച് പാറേമ്മാക്കല്‍ ഗോവര്‍ണ്ണദോര്‍ ഇങ്ങനെ എഴുതുന്നു: “മലങ്കരയുള്ള പള്ളികള്‍ മിഷനറിമാരുടെ തന്തമാര്‍ പണിയിച്ചതാണെന്നും, ഇവിടത്തെ ജനങ്ങള്‍ മിഷനറിമാരുടെ അടിമകളും വിടുപണിക്കാരുമാണെന്നും മിഷനറിമാരുടെ അനുവാദം കൂടാതെ പള്ളിക്കാര്‍ക്ക് ഇവിടെ ഒന്നും ചെയ്യാന്‍ സാധിക്കുകയില്ലെന്നും, പക്ഷേ ഞാന്‍ നിന്നോടു പറയട്ടെ, നീ അത്രയൊന്നും ഉറച്ചിരിക്കണ്ട. നിന്റെ ഉപായവും തട്ടിപ്പുംകൊണ്ട് ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളിക്കാരില്‍ ചിലര്‍ നിന്നെ സേവിച്ചുനില്‍ക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ പള്ളികള്‍ നിന്റെ കാരണവന്മാര്‍ പണിയിച്ചതൊന്നുമല്ല. ഞങ്ങളെയും ഞങ്ങളുടെ പള്ളികളെയും ആരും നിനക്കു വിറ്റിട്ടുമില്ല. ഞങ്ങളുടെ യോഗത്തിനു നിന്നെ സീകരിക്കാന്‍ മനസ്സുണ്ടെങ്കില്‍ സ്വീകരിക്കും. മനസ്സില്ലെങ്കില്‍ ബലം പ്രയോഗിച്ച് സ്വീകരിപ്പിക്കാന്‍ നിന്നെക്കൊണ്ടു സാധ്യമല്ല. ഇതു നല്ലവണ്ണം ധരിച്ചുകൊള്ളുക. മേലാലെങ്കിലും ഇത്തരം ഹുങ്കാരവചനങ്ങള്‍ ആരോടും പറയാനിടയാകരുത്." (വര്‍ത്തമനപ്പുസ്തകം പേജ് 275)

1892-ല്‍ പാലായില്‍ ചേര്‍ന്ന “നസ്രാണി ഗുണദായിനീസഭ” താഴെ പറയുന്ന പ്രമേയം പാസ്സാക്കി. “പള്ളിക്കടുത്ത മുതല്‍കാ‍ര്യങ്ങള്‍ കീഴ്‌നടപ്പനുസരിച്ച് യോഗനിശ്ചയപ്രകാരം കൈകാര്യം ചെയ്യേണ്ടതും തര്‍ക്കവിഷയങ്ങളില്‍ മാത്രം മെത്രാനച്ചന്റെ മേലധികാരം പ്രയോഗിക്കേണ്ടതും അവിടത്തെ ന്യായമായ വിധിക്കു കീഴ്‌വഴങ്ങേണ്ടതുമാകുന്നു.” (നിധീരിക്കല്‍ മാണിക്കത്തനാര്‍, വി.സി. ജോര്‍ജ്, പേജ് 668)

നസ്രാണി സഭകളുടെ അധികാരവിന്യാസത്തെക്കുറിച്ച് പഠിച്ച് ഗവേഷണ പ്രബന്ധം എഴുതിയ റവ. ഡോ. ജോസ് കുറിയേടത്ത് സി.എം.ഐ. മെത്രാന്മാരുടെ അധികാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മെത്രാന്മാര്‍ സമുദായത്തിന്റെ ഭൗതിക ഭരണത്തില്‍ ഇടപെട്ടിരുന്നോ എന്ന ചോദ്യത്തിന് എല്ലാ ചരിത്രകാരന്മാരും മിക്കവാറും ഏകകണ്ഠമായി മെത്രാന്മാര്‍ അത്യപൂര്‍വ സന്ദര്‍ഭങ്ങളിലൊഴിച്ച് അത്തരം അധികാരങ്ങള്‍ പ്രയോഗിച്ചിരുന്നില്ല.” (Authority in the Catholic Community in Kerala, Jose Kuriyedath, Page 86, തര്‍ജ്ജമ സ്വന്തം)

അപ്പോള്‍ ക്രിസ്തുവിന്റെ കല്പനകള്‍ അനുസരിച്ചു അപ്പോസ്തലന്മാരുടെ തീരുമാനവും ആദിമസഭയുടെ പാരമ്പര്യമനുസരിച്ചും കേരള സഭയുടെ അതിപുരാതന പാരമ്പര്യമനുസരിച്ചും ഇന്ത്യയിലെ പള്ളികളുടെ ഭരണം എന്നും പള്ളിയോഗത്തില്‍ നിക്ഷിപ്തമായിരുന്നു.

1992-ല്‍ റോമായില്‍ പ്രഖ്യാപിച്ച പൗരസ്ത്യസഭയുടെ കാനോന്‍ നിയമമനുസരിച്ച് ഇന്ന് സഭയുടെ എല്ലാ സ്വത്തുക്കളും മെത്രാന്റെ ഭരണത്തിന്‍‌കീഴിലാണ്. അത്മായന് സഭയുടെ ഭരണത്തില്‍ യാതൊരവകാശവുമില്ല. മെത്രാന്മാരുടെ അധികാരം ഈ കാനോന്‍ നിയമത്തില്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്. “തനിക്ക് ഭരമേല്ല്പിക്കപ്പെട്ടിരിക്കുന്ന രൂപതയെ നിയമനിര്‍മ്മാണ (legislative) ഭരണനിര്‍വഹണ (executive) നീതിന്യായ (judicial) അധികാരത്തോടുകൂടി രൂപതാമെത്രാന്‍ ഭരിക്കുന്നു.” (കാനോന്‍ 191)

ഇടവകജനങ്ങള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ സഭയുടെ സ്വത്തിന്റെ ഭരണത്തില്‍ യാതൊരു പങ്കാളിത്തവുമില്ല. അപ്പോള്‍ ഒരു ചോദ്യമുദിക്കുന്നു. നമുക്ക് ഇപ്പോഴും പള്ളിയോഗങ്ങളില്ലേ? പേരിനു പള്ളിയോഗങ്ങളുണ്ട്. പക്ഷേ ആ പള്ളിയോഗത്തിന്റെ കടമകളെന്താണ്? “ഇടവകയിലുള്ള ദൈവജനകൂട്ടായ്മയും പ്രകടരൂപം എന്ന നിലയ്ക്കു ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും, ഇടവകയുടെ അജപാ‍ലനധര്‍മ്മത്തിലും സാമ്പത്തികകാര്യങ്ങളുടെ നിര്‍വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം.” (കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍, പേജ് 204) അതായത് ഇന്ന് ഉണ്ടെന്നു പറയുന്ന സഭായോഗത്തിന് ഉപദേശിക്കാനല്ലാതെ തീരുമാനിക്കാ‍ന്‍ അവകാശമില്ല. തീരുമാനമെല്ലാം അച്ചന്റെയും മെത്രാന്റെയും. സ്വത്തു നമ്മുടേതും.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്നെ സമ്മതിക്കുന്നു, വി.ആര്‍. കൃഷ്ണയ്യരുടെ ബില്ല് ചര്‍ച്ചയ്ക്കുവേണ്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്ന്. അതേ. ഈ ബില്ലുകളിലെ വകുപ്പുകള്‍ ഏതെങ്കിലും സഭയുടെ പാരമ്പര്യത്തിനും നന്മയ്ക്കും വിരുദ്ധമായുണ്ടെങ്കില്‍ മെത്രാന്മാര്‍ക്കും മറ്റുള്ളവര്‍ക്കും ഗവണ്മെന്റില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് പ്രകടിപ്പിക്കാവുന്നതാണ്. പിന്നെ എന്തിനിത്ര ഭീതി? അദ്ദേഹം എഴുതുന്നത് നോക്കുക. “സഭയുടെ സ്വത്തുക്കളുടെ ഉടമ വിദേശിയായ മാര്‍പ്പാപ്പയാണ് എന്ന് നുണപ്രചരണം നടത്തി സഭാ‍വക സ്വത്തുക്കളുടെ ഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമവും അപലപനീയമാണ്.” ഇവിടെ സ്വത്തുക്കളുടെ ഉടമാവകാശം മാര്‍പ്പാപ്പയില്‍ നിക്ഷിപ്തമാണെന്ന് ആരും തന്നെ പറഞ്ഞിട്ടില്ല.

കാനോന്‍ നിയമം 1008 അനുസരിച്ച് ഇങ്ങനെ പറയുന്നു:
“1. സഭാ സ്വത്തുക്കളുടെയെല്ലാം പരമോന്നത ഭരണാധികാരിയും കാര്യസ്ഥനും റോമാ മാര്‍പ്പാപ്പയാണ്.
2. ഭൗതികവസ്തുക്കള്‍ ഏതു നൈയാമികവ്യക്തി നിയമാനുസൃതമായി സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും റോമാ മാര്‍പ്പാപ്പയുടെ പരമാധികാരത്തിന്‍‌കീഴില്‍ അവയുടെ ഉടമസ്ഥാവകാശം.”

എന്തിനാണ് ഒരാള്‍ സ്വത്ത് സമ്പാദിക്കുന്നത്? അത് ഭരിക്കാനും സ്വതന്ത്രമായി അനുഭവിക്കാനുമാണ്. കാനോന്‍ നിയമം അനുസരിച്ച് പള്ളികളുടെയെല്ലാം ഉടമസ്ഥാവകാശം മാര്‍പ്പാപ്പയ്ക്കും മെത്രാനുമില്ല. പക്ഷേ മതപരമായ അധികാരം ഉപയോഗിച്ച് പള്ളികളുടെ ഭരണം മാര്‍പ്പാപ്പയിലും മാര്‍പ്പാപ്പാ നിയോഗിക്കുന്ന മെത്രാന്മാരിലും അവര്‍ നിയോഗിക്കുന്ന വികാരിയിലുമാണ്. ഈ വ്യവസ്ഥ മാറണം.

മുന്‍‌കാ‍ലങ്ങളില്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജാക്കന്മാരില്‍ നിക്ഷിപ്തമായിരുന്നു. അവര്‍ നിയോഗിക്കുന്ന വൈസ്രോയിമാരും വൈസ്രോയി നിയമിക്കുന്ന ഗവര്‍ണര്‍മാരും ഗവര്‍ണര്‍ നിയമിക്കുന്ന കളക്ടറുമായിരുന്നു ഇന്ത്യാ രാജ്യം ഭരിച്ചിരുന്നത്. രാജ്യം ഇന്ത്യാക്കാരുടെതാണ്. പക്ഷേ ഭരണാവകാശം ബ്രിട്ടീഷ് രാജാവിന്റേതും. ഈ കൊളോണിയല്‍ ഭരണ വ്യവസ്ഥ സഭയ്ക്കുള്ളില്‍ നിലനിര്‍ത്തണമോ? പള്ളികളുടെ സ്വത്തും സ്ഥാപനങ്ങളും അതിന്റെ ഉടമസ്ഥത ഇടവക ജനങ്ങളില്‍ നിക്ഷിപ്തമാണെങ്കില്‍ അതു ഭരിക്കാനുള്ള അവകാശവും അവര്‍ക്കുതന്നെയാണ് ഉണ്ടാകേണ്ടത്.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് തന്റെ ഇടയലേഖനത്തില്‍ ഇടവകയോഗത്തിന്റെ ഭരണം വന്നാല്‍ ഇടവകകള്‍ ദൈവവിശ്വാസമില്ലാത്തവര്‍ പിടിച്ചെടുക്കുമെന്ന് ഒരു ഭീഷണിയുണ്ട് എന്നു പറയുന്നു. കേരളത്തിലെ കത്തോലിക്കേതര സഭാവിഭാഗങ്ങളില്‍ പള്ളികളുടെ ഭരണം ഇന്നും ഇടവകയോഗങ്ങളില്‍ നിക്ഷിപ്തമാണ്. മെത്രാന്മാരെ തെരഞ്ഞെടുക്കുന്നതു പോലും വിശ്വാസികളാണ്. ഈ സഭകളിലൊന്നും നിരീശ്വരവാദികളോ കമ്മ്യൂണിസ്റ്റുകാരോ ഭരണം പിടിച്ചെടുത്തതായി ചരിത്രം ഇല്ല. എന്തിന് എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യും ഒന്നും നിരീശ്വരവാദികള്‍ പിടിച്ചെടുത്തില്ല്ല. പിന്നെന്തിന് മെത്രാന്മാര്‍ ദൈവജനങ്ങളായ കത്തോലിക്കരെ ഭയപ്പെടുന്നു? ഇവിടെ വേറൊരു ചോദ്യം ഉദിക്കുന്നു. യൂറോപ്പിലെ ഒരു രാഷ്ട്രത്തിലും നിരീശ്വരവാദികളും കമ്മ്യൂണിസ്റ്റുകളും പള്ളികളുടെ ഭരണം പിടിച്ചെടുത്തിട്ടില്ല. പക്ഷേ അവിടെ വിശ്വാസികളുടെ എണ്ണം കേവലം പത്തു പന്ത്രണ്ടു ശതമാനമായി കുറഞ്ഞു. ഇന്ന് അവിടെ പള്ളികളും മഠങ്ങളും സന്യാസാശ്രമങ്ങളും അടഞ്ഞു കിടക്കുകയാണ്. ഒരു കാലത്ത് വിദേശത്തുനിന്നും ധാരാളം മിഷനറിമാര്‍ ഇവിടെയെത്തി. എന്നാല്‍ ഇന്ന് യൂറോപ്പിലും അമേരിക്കയിലും വൈദികരില്ലാത്തതുമൂലം വൈദികരേയും കന്യാസ്ത്രീകളെയും ഇവിടെനിന്നും കയറ്റുമതി ചെയ്യുകയാണ്.

പുണ്യവാളന്മാരുടെ ചാകര വിളയിച്ച യൂറോപ്പിലാണ് ഇതു സംഭവിച്ചത് എന്നോര്‍ക്കുക. ഇതിനു കാരണം അവിടുത്തെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും ഭരണം മാര്‍പ്പാപ്പയുടെയും മെത്രാന്മാരുടേതുമായിരുന്നു. എന്തുകൊണ്ടാണ് അവിടെ വിശ്വാസികളുടെ എണ്ണം കുറയുന്നത് എന്ന് മാര്‍ താഴത്ത് ഒന്നു ചിന്തിച്ചിരുന്നെങ്കില്‍!!! യൂറോപ്പില്‍ പള്ളികളുടെ ഭൗതിക ഭരണം മെത്രാന്മാരിലും പുരോഹിതരിലും നിക്ഷിപ്തമാക്കിയതോടുകൂടി അവര്‍ രാജാക്കന്മാരെപ്പോലെ ഇടവക ജനങ്ങളെ പീഡിപ്പിക്കാനാരംഭിച്ചു. സഭയും രാഷ്ട്രവും കൈകോര്‍ത്തു പിടിച്ചു നടത്തിയ ഈ “ദൈവജനപീഡന”മാണ് യൂറോപ്പില്‍ സഭയില്‍നിന്നും ജനങ്ങളെ അകത്തിയത്.

ക്രിസ്തു സഭയുടെ സ്വത്തു ഭരിച്ചിട്ടില്ല. അപ്പോസ്തലന്മാരും സ്വത്തു ഭരിച്ചിട്ടില്ല. കാരണം അവര്‍ ആദ്ധ്യാത്മികരായിരുന്നു. അധികാ‍രഭരണം സഭയെ ഇന്ന് കാന്‍സര്‍ പോലെ കാണെക്കാണെ കവര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്. 1996-ല്‍ റോമില്‍ വച്ചു നടന്ന സിറോമലബാര്‍ സഭയുടെ മെത്രാന്മാരുടെ സൂനഹദോസില്‍ ഇടപെട്ടുകൊണ്ട് റോബര്‍ട്ട് ടാഫ്‌റ്റ് എസ്.ജെ. ഇങ്ങനെ പറഞ്ഞു: “കിഴക്കോ പടിഞ്ഞാറോ തെക്കോ വടക്കോ ഉള്ള കത്തോലിക്കാ സഭയിലോ ഓര്‍ത്തഡോക്സ് സഭയിലോ ആകട്ടെ കേരളത്തിലെ കത്തോലിക്കാ സഭയെപ്പോലെ മറ്റൊരു സഭയുമില്ല. വിശ്വാസത്തിന്റെയും ഭക്തിയുടെയും ഒരു ദീപസ്തംഭം. ഈ സഭയുടെ വിശ്വാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു.”

നമ്മുടെ പൂര്‍വികര്‍ ഈ വിശ്വാസത്തെ നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ചത് മെത്രാന്മാരുടെ തൊപ്പിയോ വടിയോ അരമനയോ കൊണ്ടല്ല, മറിച്ച് അവരുടെ വിശ്വാസം കൊണ്ടാണ്. എന്നാല്‍ മെത്രാന്മാര്‍ ഈ വിശ്വാസം അവരുടെ ഭൗതിക ഭരണത്തിലൂടെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മുന്‍‌കാലത്ത് യൂറോപ്പില്‍നിന്ന് എത്തിയ മിഷനറിമാരുടെ നേരെ കൈചൂണ്ടി അവരുടെ കഷ്ടപ്പാടുകളെക്കുറിച്ച് പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ ഇങ്ങനെ എഴുതി: “എന്താണീ സങ്കടങ്ങള്‍? അതിനു ഞങ്ങളെങ്ങനെ കാരണമാകുന്നു? പറയാം. നല്ല തീപോലിരിക്കുന്ന ചാരായവും പോര്‍ക്കിറച്ചിയും കോഴിയും മുട്ടയും, മറ്റുള്ള തീനും കുടിയുമൊക്കെയാണ് നിന്റെ ഇവിടുത്തെ സങ്കടങ്ങള്‍. അതു തിന്നു കുടിച്ചു പുളയ്ക്കുന്നതിനെക്കുറിച്ചാണു മലങ്കര ഇടവകയില്‍ക്കിടന്നു നീ പാ‍ടുപെടുന്നു എന്നു പറയുന്നത്. വലിയപെരുന്നാളും വരവുമുള്ള ഞങ്ങളുടെ പള്ളികളില്‍ ആണ്ടുതോറും നിന്റെ കൂട്ടര്‍ വന്ന് അവിടെ പിരിഞ്ഞു കിട്ടുന്ന നേര്‍ച്ചപ്പണമെല്ലാം വാരിക്കെട്ടി മേല്‍പ്പറഞ്ഞ സങ്കടങ്ങള്‍ വാങ്ങാന്‍ നിന്റെ വസതിയിലേയ്ക്കു കൊണ്ടുപോകുന്നു. പരമാര്‍ത്ഥികളും ഭോഷന്മാരുമായ ഞങ്ങള്‍ അതെല്ലാം അനുവദിച്ചുതരുന്നു. അപ്പോള്‍ മലങ്കരയില്‍ നീ പാടുപെട്ടു സങ്കടങ്ങളനുഭവിക്കുന്നതിനു ഞങ്ങള്‍ തന്നെയല്ലേ കാരണം? ഇതുകൊണ്ടുതന്നെയാണു മലങ്കരയില്‍ മിശിഹായ്ക്കുവേണ്ടി പാടുപെടുവാന്‍ നീ ഓടി വരുന്നത്. മേല്പറഞ്ഞ ചെല്ലനാട്ടിലും ചൈനയിലും പോയി മിശിഹായ്ക്കു വേണ്ടി പാടുപെടുവാന്‍ നിനക്കു മനസ്സില്ലാത്തതും ഇതുകൊണ്ടുതന്നെ.” (വര്‍ത്തമാനപ്പുസ്തകം, പേജ് 274, 275)

മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാനത്തിനു വേണ്ടിയുള്ള മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ മത്സര ഓട്ടത്തില്‍ ഇത്തരം ചില തമാശകള്‍ അദ്ദേഹം പൊട്ടിക്കുന്നു എന്നു മാത്രം കരുതിയാല്‍ മതി.

Tuesday, April 14, 2009

മാര്‍ക്സിസവും നിരീശ്വരത്വവും സാമൂഹ്യമാറ്റവും

ജോസഫ് പുലിക്കുന്നേല്‍


നേരിട്ട് ഹൃദയത്തില്‍ നിന്ന് എന്ന മാര്‍ വിതയത്തിലിന്റെ ഗ്രന്ഥത്തില്‍ മാര്‍ക്സിസത്തെയും നിരീശ്വരത്വത്തെയും സാമൂഹ്യമാറ്റങ്ങളെയും കുറിച്ച് വിശദമായി അദ്ദേഹം പറയുന്നുണ്ട്.

“കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ മാര്‍ക്സിസത്തോടും കമ്മ്യൂണിസത്തോടും എനിക്കുള്ള സമീപനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ക്കും മാര്‍ക്സിസത്തിനും ചില കാര്യങ്ങള്‍ പൊതുവായുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:സ്ഥിതരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. അതുതന്നെയാണ് സഭയ്ക്കും ആവശ്യം. പിന്തള്ളപ്പെട്ട് പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ടവരില്‍ പാവപ്പെട്ടവരോടുള്ള പ്രത്യേകമായ സ്നേഹം! എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ നിരീശ്വര വാദത്തോട് ഞാന്‍ വിയോജിക്കുന്നു. എന്നാല്‍ അവര്‍ നിരീശ്വരവാദികളായത് അവരുടെ മന:സാക്ഷി ദൈവമില്ലെന്നു പറഞ്ഞതുകൊണ്ടാണെങ്കില്‍ ഞാന്‍ അവരോടു യോജിക്കുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തെയും ക്രമത്തെയും ബുദ്ധിയെയും കുറിച്ച് ചിന്തിക്കുന്ന സത്യസന്ധനായ ഒരു മനുഷ്യന് നിരീശ്വരനാകാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു. ഒരാള്‍ക്ക് പൂര്‍ണ്ണമായും ദൈവമില്ല എന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കില്‍ ഞാന്‍ അയാളെ സ്നേഹിക്കും. കാരണം അയാള്‍ അയാളുടെ വിശ്വാസം അനുസരിച്ചാണ് നില്‍ക്കുന്നത്. കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ‘ഇത്തരം മന:സാക്ഷിയുള്ളവര്‍ രക്ഷിക്കപ്പെടും’ എന്നാണ്. അപ്പോള്‍ എന്തുകൊണ്ട് നാം മാര്‍ക്സിസ്റ്റുകളെ സ്നേഹിക്കാതിരിക്കുന്നു. എന്തുകൊണ്ട് അവരോട് സംസാരിക്കാതിരിക്കുന്നു. ചിലപ്പോഴൊക്കെ അവര്‍ സ്വീകരിക്കുന്ന അക്രമ മാര്‍ഗ്ഗങ്ങളോടും കൊലയോടും നാശനഷ്ടങ്ങളോടും എനിക്കു യോജിക്കാനാവില്ല. ഞാന്‍ ഈ രണ്ടു കാര്യങ്ങളിലാണ് അവരോട് വിയോജിക്കുന്നത്. പക്ഷേ മറ്റു പല കാര്യങ്ങളിലും ഞാന്‍ അവരോട് യോജിക്കുന്നു. കുറേയെല്ലാം പരസ്പര മത്സരങ്ങള്‍ ഉണ്ടെങ്കിലും ആ പാര്‍ട്ടിക്ക് കൂടുതല്‍ അച്ചടക്കമുണ്ട്. യു.ഡി.എഫില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് എതിര്‍പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു.” (പേജ് 51, 52)

എന്റെ ഇരുപതാം വയസ്സില്‍ (1952) സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്സിന്‌ പഠിക്കുമ്പോഴാണ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും മാര്‍ക്സിന്റെ കൃതികളും വായിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കല്‍ക്കട്ടാ തീസിസിന്റെയും തെലുങ്കാന കലാപത്തിന്റെയുമെല്ലാം നിഴല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്ന കാലം. എന്തുകൊണ്ടാണ്‌ മാര്‍ക്സ്‌ രക്തരൂഷിത വിപ്ലവത്തിന്‌ ആഹ്വാനം ചെയ്തത്‌ എന്നും നിരീശ്വരത്വത്തെക്കുറിച്ച്‌ വാദിച്ചിരുന്നത്‌ എന്നും അന്നുതന്നെ ഞാന്‍ ആഴമായി ചിന്തിച്ചു. ഒരു ഗാന്ധിയനും ഈശ്വരവിശ്വാസിയുമായ ഞാന്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരു മനുഷ്യസ്നേഹിയില്‍ എങ്ങിനെ ഹിംസാപരമായ തത്വശാസ്ത്രം ഉരുത്തിരിഞ്ഞു എന്നുള്ളതായിരുന്നു എന്റെ അന്വേഷണം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് യൂറോപ്പില്‍ കത്തോലിക്കാ സഭയും രാജഭരണവും സൃഷ്ടിച്ച സാമൂഹിക ഘടന മാറ്റാത്തിടത്തോളം കാലം അധ:സ്ഥിതര്‍ക്ക് മോചനം ഉണ്ടാവുകയില്ല എന്ന നിഗമനത്തില്‍ മാര്‍ക്സ് എത്തി. ജന്മിത്വമാണ് മനുഷ്യചൂഷണത്തിന്റെ ഏറ്റവും ശക്തമായ അന്നത്തെ സാമ്പത്തിക ഘടന എന്ന് മാര്‍ക്സിനും എംഗല്‍‌സിനും മനസ്സിലായി. ചരിത്രം പഠിച്ചിരുന്ന ആ‍ര്‍ക്കും അന്ന് അത് മനസ്സിലാക്കാവുന്നതായിരുന്നു. എംഗല്‍‌സ് എഴുതുന്നു: “അന്ന് ഏറ്റവും വലിയ അന്തര്‍ദ്ദേശീയ ജന്മിത്വ കേന്ദ്രം റോമന്‍ കത്തോലിക്കാ സഭയായിരുന്നു. അന്ന് (സഭ) ജന്മിത്വത്തിന് ഒരു ദൈവിക പരിവേഷം നല്‍കിയിരുന്നു. സഭ ഒരു ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ മാതൃകയിലാണ് അതിന്റെ അധികാരവ്യവസ്ഥയ്ക്ക് രൂപം കൊടുത്തിരുന്നത്. സഭ തന്നെയായിരുന്നു ഏറ്റവും വലിയ ജന്മി. കത്തോലിക്കാ ലോകത്തിന്റെ മൂന്നിലൊന്നു ഭൂമിയും അവരുടെ ഉടമസ്ഥതയിലായിരുന്നു. അധാര്‍മികമായ ജന്മിത്വത്തെ ഓരോ രാജ്യത്തും ആക്രമിക്കണമെങ്കില്‍ ഈ വിശുദ്ധ കേന്ദ്ര സംഘടനയെ തകര്‍ക്കേണ്ടിയിരിക്കുന്നു.” (Socialism: Utopian and Scientific, Frederick Engels)

1. അന്നുവരെയുള്ള രാഷ്ട്രീയ ചരിത്രത്തില്‍ സമൂഹത്തില്‍ ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നതിന് വിപ്ലവത്തെയാണ് ആയുധമായി ഉപയോഗിച്ചിരുന്നത്. കാരണം ഘടനയെ പരിപാലിക്കുന്നത് ഓരോ രാജ്യത്തെയും രാജാക്കന്മാരുടെ ആയുധ ശക്തിയായിരുന്നു. രാജാക്കന്മാരെ അധികാരത്തില്‍നിന്നും മാ‍റ്റാന്‍ ആയുധമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചരിത്രത്തില്‍ രാജാക്കന്മാര്‍ കൊല ചെയ്യപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിലും അതുതന്നെ നടന്നു. അപ്പോള്‍ ആ മാര്‍ഗ്ഗം മാത്രമേ അന്നത്തെ നിലയില്‍ ഘടനാ മാറ്റത്തിന് ഉപയോഗിക്കാവൂ എന്ന് മാര്‍ക്സ് ബലമായി വിശ്വസിച്ചു.

2. കത്തോലിക്കാ സഭയായിരുന്നു അന്നത്തെ ഏറ്റവും വലിയ ജന്മി. തന്മൂലം ദൈവത്തിന്റെ പേരിലായിരുന്നു ഫ്യൂഡല്‍ വ്യവസ്ഥ പരിപോഷിപ്പിച്ച് നിലനിര്‍ത്തിയത്. അപ്പോള്‍ ന്യായമായും അതിനുപകരമായ ഒരു ഘടനയുടെ രക്ഷകനായിട്ടാണ് സാധാരണക്കാര്‍ ദൈവത്തെ കണ്ടിരുന്നത്. ആ അനീതിപരമായ ഘടനയെ നിലനിര്‍ത്തുന്ന ദൈവത്തെ തിരസ്കരിക്കാതെ ഈ ഘടനയെ എതിര്‍ക്കാന്‍ വിഷമമായിരുന്നു. മെത്രാന്മാര്‍ അന്ന് ദൈവത്തിന്റെ പ്രതിനിധികളായാണ് സ്വയം ജനങ്ങളുടെ മുമ്പില്‍ അവതരിച്ചത്. ആ ഘടനാ ശക്തിയോട് എതിര്‍ക്കുന്നത് ദൈവത്തെ എതിര്‍ക്കലാണ് എന്ന ധാരണ ജനങ്ങളിലുണ്ടാക്കി. അവിടെയാണ് മാര്‍ക്സ് ദൈവനിഷേധിയായത്. അന്ന് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അല്ലെങ്കില്‍ വോട്ടിലൂടെ ഗവണ്മെന്റിനെ മാറ്റാം എന്ന വ്യവസ്ഥ നിലവില്‍ വന്നിരുന്നില്ല എന്നും കൂടി ഓര്‍ക്കുക. അപ്പോള്‍ അനിവാര്യമായ സാമ്യൂഹ്യ മാറ്റത്തിന് രക്തച്ചൊരിച്ചില്‍ ആവശ്യമാണെന്നു വന്നു. ദൈവപരിരക്ഷയുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്ന രാജാവിനെയും എതിര്‍ക്കണമെങ്കില്‍ ദൈവത്തെ തന്നെ എതിര്‍ക്കേണ്ടിവരുമെന്ന വ്യവസ്ഥ നിലനിന്നിരുന്നു.

ഇന്ന് ജനാധിപത്യത്തില്‍ വോട്ടിലൂടെ ഭരണകൂടത്തെ മാറ്റാം എന്ന അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിപ്ലവം സമൂഹമാറ്റത്തിന് അനിവാര്യമല്ലെന്ന് എനിക്കു തോന്നി. അക്കാലഘട്ടത്തില്‍ വടക്കനച്ചന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ തേരോട്ടം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഫാ. വടക്കനോട് യോജിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ചരിത്രത്തിലെ വലിയ മനുഷ്യ സ്നേഹിയായിട്ടു മാത്രമേ എനിക്കു മാര്‍ക്സിനെ കാ‍ണാന്‍ കഴിഞ്ഞുള്ളൂ. അന്നും, ഇന്നും.

ബഹുമാനപ്പെട്ട മാര്‍ വര്‍ക്കി വിതയത്തില്‍ എഴുതുന്നു: “മാര്‍ക്സിസം ഒരു നിരീശ്വര ആദര്‍ശം ആയിരിക്കെ അത് മതത്തിനും ദൈവവിശ്വാസത്തിനും എതിരാണ്. മനുഷ്യാവകാശത്തിന്റെയും നീതിയുടേയും ഏക അടിസ്ഥാനം ഒരു പരമ ശക്തിയുടെ ബുദ്ധിയിലാണ് ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് എന്ന വിശ്വാസമാണ്. കാരണം അതു മനുഷ്യ ഹൃദയത്തില്‍ വേരൂന്നി നില്‍ക്കുകയും തന്മൂലം മനുഷ്യന്‍ സമൂഹമായി ജീവിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ അധികാരം നീതിപൂര്‍വകമായ നിയമത്താല്‍ നയിക്കപ്പെടേണ്ടതും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ മേല്‍ കയ്യേറ്റം നടത്താത്തതും വ്യക്തിമഹത്വത്തിന്റെ സമാധാനത്തില്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കേണ്ടതുമാണ്. നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ക്കും നീതിക്കും എന്തടിസ്ഥാനമാണുള്ളത്” (പേജ് 59)

വിശ്വാസമില്ലെങ്കില്‍ നീതിയും സമാധാനവും ഉണ്ടാവുകയില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് ഒരടിക്കുറിപ്പുകൂടി എഴുതേണ്ടതായിരുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ല യുദ്ധങ്ങളും മനുഷ്യപീഡനങ്ങളും ചൂഷണങ്ങളും ക്രൈസ്തവ യൂറോപ്പിലാണ് നടന്നതെന്നോര്‍ക്കുക. അവരെല്ലാം ദൈവവിശ്വാസികളായിരുന്നല്ലോ. എട്ടാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍ മതപീഡനം നടത്തിയവര്‍ ഒന്നാന്തരം ദൈവവിശ്വാസികള്‍ ആയിരുന്നു. കുരിശുയുദ്ധവും വിശുദ്ധ യുദ്ധവും നടത്തിയത് ദൈവവിശ്വാസികളായിരുന്നു. ഗോവായില്‍ നടത്തിയ മതപീഡനത്തിനും ഉത്തരവാദികള്‍ ദൈവവിശ്വാസികളായിരുന്നു. ബ്രസീലിലും തെക്കേ അമേരിക്കയിലും നടന്ന വംശ ഹത്യയ്ക്കുത്തരവാദികള്‍ കത്തോലിക്കാ ബിഷപ്പുമാരായിരുന്നു എന്നോര്‍ക്കുക. ഫ്രാങ്കോയും സലാസറും എല്ലാം ദൈവവിശ്വാസികളായിരുന്നു. എന്തിന് വത്തിക്കാനില്‍ തന്നെ മാര്‍പ്പാപ്പമാര്‍ തമ്മില്‍ പോരടിച്ച് അനേകം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ദൈവവിശ്വാസികള്‍ നടത്തിയതാണ്. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ അരങ്ങേറിയ യുദ്ധ പരമ്പരകള്‍ ദൈവവിശ്വാസികള്‍ തമ്മിലായിരുന്നു. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ വന്‍‌തുക കൈക്കൂലിയായി വാങ്ങുന്നവരും ദൈവവിശ്വാസികളാണ്. ദൈവവിശ്വാസം അടിസ്ഥാനനീതിയെ സൃഷ്ടിക്കുമായിരുന്നെങ്കില്‍ ഈ അനീതികളൊന്നും ലോകത്തുണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ പേരിലാണ് യൂറോപ്പില്‍ അനേകം യുദ്ധങ്ങള്‍ നടന്നത് എന്നത് മറക്കേണ്ട. അപ്പോള്‍ ദൈവവിശ്വാസം നീതിയുടെയും നന്മയുടെയും ഉഴവുചാലാണെന്നു വിശ്വസിക്കാന്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് കഴിയുകയില്ല എന്ന് മാര്‍ വിതയത്തില്‍ മനസ്സിലാക്കേണ്ടതായിരുന്നു. എന്റെ ജീവിതത്തില്‍ അനേകം നിരീശ്വരന്മാരെക്കുറിച്ച് അറിയുകയോ കേള്‍ക്കുകയോ ചെയ്തിരുന്നു. “നാലുവാര്‍ വെന്തിങ്ങ”യും ഇട്ട് കാലത്ത് കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്യുന്ന അനേകം ക്രൂരരെയും ഞാന്‍ കണ്ടിട്ടുണ്ട്. മനുഷ്യ സ്നേഹമുള്ള എം.സി. ജോസഫ് ഒരു നിരീശ്വരവാദിയായിരുന്നു. സി. കേശവന്‍ ഒരു നിരീശ്വരവാദിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു ഒരു നിരീശ്വരവാദിയായിരുന്നു. പനമ്പിള്ളി ഗോവിന്ദ മേനോന്‍ ഒരു യുക്തിവാദിയായിരുന്നു. എന്റെ സുഹൃത്ത് എം.എ. ജോണ്‍ നിരീശ്വരവാദിയാണ്. അനേകം പൊതുപ്രവര്‍ത്തകരെക്കാള്‍ ഇവരൊക്കെ ധര്‍മ്മനിഷ്ഠയിലും നീതിബോധത്തിലും മികച്ചവരായിരുന്നു. ഇ.എം.എസും എ.കെ. ഗോപാലനും ആര്‍. സുഗതനും എല്ലാം നിരീശ്വരവാദികളായിരുന്നു. അതുകൊണ്ട് അവരുടെ ഹൃദയങ്ങളില്‍ നിന്നും മനുഷ്യത്വം വറ്റിവരണ്ടില്ല.

“എന്റെ ദൈവവും” “നിന്റെ ദൈവവും” തമ്മിലുള്ള പോരാട്ടത്തിലാണ് ചരിത്രത്തില്‍ രക്തക്കളം സൃഷ്ടിച്ചത്. ക്രിസ്ത്യാനിയുടെ ദൈവത്തിനു വേണ്ടിയും മുസ്ലീമുകളുടെ ദൈവത്തിനുവേണ്ടിയും അല്ലേ കുരിശുയുദ്ധം നടത്തിയതു. “എന്റെ ദൈവവും” “നിന്റെ ദൈവവും” ഒന്നാണെന്നു പറഞ്ഞുകൊണ്ട് കപടനാട്യം കളിക്കാന്‍ ഈ ദൈവവിശ്വാസികള്‍ക്ക് യാതൊരു മടിയുമില്ല. കേരളത്തിലെ കത്തോലിക്കാ സഭയെ നോക്കുക. സഭ ആരോടൊപ്പമാണ് എന്നും നിലനിന്നിരുന്നത്. ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും പക്ഷത്തായിരുന്നില്ലേ? ഫാ. തേലേകാട്ടിന്റെ താഴെ പറയുന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം കാണുക: “അപ്പോള്‍ കത്തോലിക്കാ വിദ്യാഭ്യാസ സമ്പ്രദായം സഭയുടെ സാമൂഹിക പഠനങ്ങള്‍ക്ക് ഒരു എതിര്‍സാക്ഷ്യമായി തീര്‍ന്നിരിക്കുന്നു എന്നാണോ അങ്ങയുടെ അഭിപ്രായം?”

ഉത്തരം: “കുറേക്കാലമായി ഇതു കുറെയെല്ലാം ശരിയാണ്. സഭ അവള്‍ കൊടുക്കേണ്ടിടത്തോളം കൊടുത്തിട്ടില്ല. സഭയോടു നേരത്തെ ഉണ്ടായിരുന്ന ബഹുമാനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നഷ്ടപ്പെട്ടിരിക്കുന്നു. ഈ അടുത്തയിടെ തന്നെ കത്തോലിക്ക സ്ഥാപനങ്ങല്‍ അദ്ധ്യാപക നിയമനത്തിനും അദ്ധ്യാപകേതര നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങുന്നതായും വളരെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹവും സുപ്രീം കോടതിയും ഇതിനെ അപലപിച്ചിട്ടുമുണ്ട്. ...”

ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന പണം കുറച്ചൊന്നുമല്ല. നൂറായിരക്കണക്കിന് രൂപയാണ്. ഈ പണം വാങ്ങുന്ന മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളുമെല്ലാം അതിരാവിലെ കുര്‍ബാന ചൊല്ലിയും കുര്‍ബാന കൈക്കൊണ്ടും ഈശ്വരവിശ്വാസികളാണ്. എന്നിട്ട് എന്തേ ഇവര്‍ ഇങ്ങനെയായത്? ധ്യാനപ്രസംഗങ്ങള്‍ക്കും ഭക്തിപ്രസ്ഥാനങ്ങള്‍ക്കും ഒന്നും ഈ കടുത്ത അനീതിയെ ചെറുക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ദൈവവിശ്വാസം മനുഷ്യനില്‍ നീതിബോധം ഉണ്ടാക്കും എന്ന മാര്‍ വിതയത്തിലിന്റെ ധാരണ കേവലം മിഥ്യയാണ്. ഇസ്രായേലിലെ മഹാപുരോഹിതന്മാര്‍ ദൈവവിശ്വാസികളായിരുന്നില്ലേ? അവരുടെ ദൈവവിശ്വാസം യേശുവിന് നീതി കൊടുക്കാന്‍ പ്രേരിപ്പിച്ചില്ല. സോക്രട്ടീസിനു വിഷം കൊടുത്തു കൊല്ലാന്‍ വിധിച്ചതും ദൈവത്തിന്റെ പേരിലായിരുന്നു.

കൊല്ലം ജില്ലാ ജഡ്ജിയായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് ജസ്റ്റിസ് കെ.ടി.തോമസ് പറയുന്നു: “കൊല്ലത്ത് ചാര്‍ജെടുത്തു കഴിഞ്ഞ് എനിക്കു നേരിടേണ്ടിവന്ന ആദ്യപ്രശ്നം മൂന്നു മക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എന്നതായിരുന്നു. ഇളയ മകന്‍ ബിപിനുവേണ്ടി ഒരു എയ്ഡഡ് സ്വകാര്യ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയിരുന്നു. ആ സ്കൂളില്‍ ഏറ്റവും പ്രധാനിയായിരുന്ന മദര്‍ സുപ്പീരിയര്‍ എന്നോട് ഡൊണേഷന്‍ വേണമെന്ന് അഭ്യര്‍ത്ഥന നടത്തി. മകനു കൊടുക്കേണ്ട ഫീസിനു പുറമേ ആയിരുന്നു ഈ ഡൊണേഷന്‍. എത്ര ഫീസ് വേണമെങ്കിലും കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രവേശനത്തിന് സംഭാവന കൊടുക്കേണ്ടിവന്നാല്‍ അത് കോഴകൊടുക്കുന്നതിനു തുല്യമാണെന്നും ആ പ്രവൃത്തി അധാര്‍മ്മികമാണെന്നും ഞാന്‍ മദറിനോടു പറഞ്ഞു. ഇതിനു മറുപടിയായി മദര്‍ വിനയപൂര്‍വം അവരുടെ സ്കൂളിലെ വലിയ കെട്ടിടങ്ങള്‍ കാണിച്ചിട്ട് അവയൊക്കെ ഇങ്ങനെയുള്ള ഡൊണേഷന്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു. ആ ന്യായീകരണം എനിക്ക് മതിയായില്ല. ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാര്‍ യാത്രക്കാരില്‍നിന്നും നിര്‍ബന്ധപൂര്‍വം വാങ്ങി എടുക്കുന്ന സംഖ്യയ്ക്ക് അവര്‍ പറഞ്ഞിരുന്ന ന്യായീകരണവും ഏതാണ്ട് ഇമ്മാ‍തിരിയായിരുന്നു. അങ്ങനെയുള്ള പണത്തിന്റെ ഗണ്യമായ ഭാഗം കൊള്ളക്കാര്‍ അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണ ആളുകളുമായി പങ്കിടുമായിരുന്നു. ഇക്കാര്യം ഞാന്‍ മദറിനോടു പറഞ്ഞു. എങ്കിലും ഞാന്‍ മകനെയും കൊണ്ട് മറ്റു സ്കൂളുകളില്‍ പ്രവേശനത്തിനു ശ്രമിച്ചിട്ട് അവിടെയെല്ലാം സ്ഥിതി ഈ സ്കൂളിലേതുപോലെയാണെങ്കില്‍ മകനെ ഈ സ്കൂളില്‍തന്നെ തിരികെ കൊണ്ടുവരുമെന്ന് മദറിനോട് പറഞ്ഞു.” (
സോളമന്റെ തേനീച്ചകള്‍, ജസ്റ്റിസ് കെ.ടി.തോമസ്, പേജ് 61, 62).

ഈ പണം ചോദിച്ച കന്യാസ്ത്രീയും ദൈവവിശ്വാസിയായിരുന്നു. അതുകൊണ്ട് ദൈവവിശ്വാസം ഏതെങ്കിലും മനുഷ്യതിന്മയെ മാറ്റി മറിക്കുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെ കഴിയുമായിരുമ്മെങ്കില്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാലയങ്ങളില്‍ ഈ അഴിമതി വ്യാപകമായി നിലനില്‍ക്കുമായിരുന്നില്ല.

“നമ്മള്‍ കലാലയങ്ങള്‍ കെട്ടിപ്പൊക്കുന്നുണ്ടെങ്കിലും അവിടെനിന്ന് ഓരോ കൊല്ലവും പുറത്തേക്കു വരുന്നത് നിരീശ്വരന്മാരും മതവിരുദ്ധരുമായ ഒരു പറ്റം യുവാക്കളാണ്. എവിടെയെങ്കിലുമുണ്ടോ അല്പം നീതി; പരസ്പരസ്നേഹം; സത്യം? അധികാരികളുടെ തിരുവിഷ്ടമാണു നീതി; സമൂഹത്തിന്റെ ഉറ കെട്ടുപോയിരിക്കുന്നു.... നമ്മുടെ സ്ഥാപനങ്ങള്‍ ഇന്നു സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നു വന്നാല്‍ അവയുടെ രക്ഷയ്ക്ക് എത്രപേര്‍ മുന്നോട്ടുവരും? ചെറുപ്പക്കാര്‍ ഒരെണ്ണത്തിനെ കിട്ടുകയില്ല. സാറന്മാരുടെ കാര്യം പറയാനുമില്ല. സഭാനേതൃത്വത്തില്‍നിന്നു കിട്ടുന്നതിലേറെ നീതി സര്‍ക്കാരില്‍നിന്നു കിട്ടുമെന്ന് അനുഭവത്തില്‍നിന്ന് അദ്ധ്യാപകര്‍ക്കറിയാം. അവര്‍ക്ക് ഇന്നു ജോലിസ്ഥിരതയുണ്ട്. ശമ്പളം കൃത്യമായിട്ടും മുഴുവനായിട്ടും കിട്ടും. മാനേജര്‍ക്ക് ആരെയും യുക്തം‌ പോലെ പിരിച്ചുവിടാന്‍ വയ്യ. ഒരച്ചനോ കന്യാസ്ത്രീക്കോ ഉടുപ്പൂരിയിട്ടായാലും ധൈര്യമായി ജോലിക്കു പോകാം. ആരും ഒന്നും ചെയ്യാനില്ല.” (
ലോകം, പിശാച്, ശരീരം, ജോസഫ് മറ്റം, പേജ് 56)

സിറോമലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പൊലീത്ത ആയ വിതയത്തിലിന് എന്തുകൊണ്ട് ഈ അനീതിയെ തടയാന്‍ കഴിയുന്നില്ല? അപ്പോള്‍ ദൈവവിശ്വാസവും സാരോപദേശങ്ങളും മനുഷ്യമനസ്സിനെ അനീതിയില്‍ വ്യാപരിക്കുന്നതില്‍നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നുള്ള സാധാരണ പാഠമാണ് കേരള കത്തോലിക്കാസഭാ സമൂഹത്തിന്റെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ എന്തുവേണം. നിയമം കൊണ്ട് അതു സാധിക്കണം. ഇതിനുവേണ്ടി എന്തുകൊണ്ടാണ് സഭ വാദിക്കാത്തത്? സമൂഹത്തില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ നിയമത്തിലൂടെ മാത്രമേ അതു സാധിക്കാനാവുകയുള്ളൂ.

Sunday, April 12, 2009

പള്ളിനിയമം: പള്ളിപ്രവേശന വിളംബരം ആര് നടത്തും?

ജോസഫ് പുലിക്കുന്നേല്‍

ഹൈന്ദവസമൂഹത്തില്‍ ബ്രാഹ്മണാധിപത്യം കെട്ടിവയ്ക്കുന്നതിന് അവര്‍ തന്നെ ബോധപൂര്‍വം സൃഷ്ടിച്ച "മനുസ്മൃതി"യുടെ കോട്ട വെട്ടിപ്പൊളിച്ച് അഥ:സ്ഥിതരെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കണമെന്ന 1936-ലെക്ഷേത്രപ്രവേശന വിളംബരം" ഭാരതസമൂഹ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അതോടെ ഹിന്ദുസമൂഹത്തിന്റെമേല്‍ കെട്ടിയിരുത്തിയ ബ്രാഹ്മണാധിപത്യത്തിന്റെ കല്പലകകള്‍ ഒന്നൊന്നായി ഇളകിവീണു. അതുപോലെ "സാന്തുക്ക"ളെന്ന ബ്രാഹ്മണവര്ഗ്ഗത്തിന്റെ കയ്യില്‍നിനും സുവര്ണക്ഷേത്രത്തെയും മറു ഗുരുദ്വാരകളെയും മോചിപ്പിച്ച 1925- ലെ"ഗുരുദ്വാരാ ആക്ട്" സിക്ക് സമുദായത്തിന്റെ സര്‍വ്വോന്മുഖമായ വളര്‍ച്ചയ്ക്ക് കാരണമായിത്തീര്‍ന്നു. മുഗള്‍ സാമ്രാജ്യഭരണകാലത്ത് മൌലവിമാരുടെയും മുല്ലാമാരുടെയും കൈവശമിരുന്ന മുസ്ലീം പള്ളികളെ ജനാധിപത്യവല്കരിച്ച "വഖഫ് നിയമ"ത്തിലൂടെ മുസ്ലീം സമുദായത്തെ പുരോഹിത ചൂഷണത്തില്നിന്നും മുക്തമാക്കി. ഇത്തരം ഒരു സാമൂഹിക പരിഷ്കരണനിയമമാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ രൂപപ്പെടുത്തിയ പള്ളിനിയമം.

ജസ്റ്റിസ് കൃഷ്ണയ്യര്‍ അവതരിപ്പിച്ച കരടു നിയമം ഇനിയും വളരെയധികം പരിഷ്കരിക്കേണ്ടതുണ്ട്. ഹിന്ദു എന്ഡോവ്മെന്റ് ആക്ടിലും വഖഫ് നിയമത്തിലും ഗുരുദ്വാരാ നിയമത്തിലും യഥാക്രമം ക്ഷേത്രങ്ങളുടെയും മോസ്കുകളുടെയും ഗുരുദ്വാരകളുടെയും സാമ്പത്തിക ഭരണത്തില്‍ പുരോഹിതന്മാര്ക്ക് യാതൊരു അധികാരവുമില്ല. അവര്‍ അവരുടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. സമ്പത്തിന്റെ ഭരണം നിയമാനുസാരം തെരഞ്ഞെടുക്കപ്പെടുന്നവരില്‍നിക്ഷിപ്തമാണ്.

പുതിയനിയമത്തില്‍ അപ്പോ. 6:1-ല്‍ അപ്പോസ്തലന്മാര്‍ ഭൗതിക ഭരണം പൂര്‍ണ്ണമായും തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിക്ഷിപ്തമാക്കണമെന്ന് നിര്ദ്ദേശിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവരുടെ പൂര്‍വ പാരമ്പര്യമനുസരിച്ച് വേണം ഇത്തരം ഒരു നിയമത്തിന് രൂപം കൊടുക്കാന്‍. പൂര്‍പാരമ്പര്യം അനുസരിച്ച് പുരോഹിതര്ക്ക് പള്ളികളുടെ ഭൌതികഭരണത്തില്‍ ഒരു പങ്കും ഉണ്ടായിരുന്നില്ല. ഇടവകയോഗത്തില്‍ ഇടവകയിലെ പ്രായം കൂടിയ പുരോഹിതനാണ് അദ്ധ്യക്ഷം വഹിച്ചിരുന്നത് എന്ന് മാത്രം. അന്ന്‍ ഇടവകയിലെ പുരോഹിതരെ തെരഞ്ഞെടുത്തിരുന്നത് ഇടവകയോഗം തന്നെയായിരുന്നു. ഇന്ന്‍ പള്ളി വികാരിമാര്‍ മെത്രാന്റെ നോമിനികളാണ്. അവര്‍ക്ക് പള്ളിയുടെ ഭൗതിക ഭരണത്തില്‍ പങ്കുണ്ടാകാന്‍ പാടില്ല.

കേരളത്തിലെ പള്ളികളുടെ ഭരണം ഒരു റിപ്പബ്ലിക്കന്‍ രീതിയിലായിരുന്നു എന്ന മിഷനറിമാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ അല്ലാതെ മറ്റാര്ക്കും സാമ്പത്തിക ഭരണത്തില്‍ പങ്കാളിത്തമുണ്ടാകാന്‍ പാടില്ല. ചര്ച്ച് ആക്ടിനുവേണ്ടി വാദിക്കുന്നവരായ നാം ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുത്.

വോട്ട് എന്ന ആയുധം

ഇതുവരെയും ജനാധിപത്യവ്യവസ്ഥയിലെ ഏറ്റവും ശക്തമായ വോട്ട് എന്ന ആയുധം സമുദായങ്ങള്ക്കുവേണ്ടി ഒരിക്കലും സമുദായം ഉപയോഗിച്ചിട്ടില്ല. കാരണം മെത്രാന്മാരുടെയും പുരോഹിതരുടെയും കൈകളിലെ വോട്ടുബാങ്കുകളായിരുന്നു നാമെല്ലാം. മെത്രാന്‍ ചെക്കെഴുതിയാല്‍ അവയെല്ലാം ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വില്‍ക്കാന്‍ സമുദായം തയ്യാറായിരുന്നു. സമുദായത്തിന്റെ നന്മയ്ക്കുവേണ്ടി രാഷ്ട്രീയപാര്‍ട്ടി നോക്കാതെ വേണം അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍. ആരാണോ ചര്ച്ച് ആക്ടിനനുകൂലമായി സംസാരിക്കാന്‍ തയ്യാറാകുന്നത് അവര്‍ക്ക് മാത്രമേ വോട്ടു ചെയ്യൂ എന്ന സമുദായം തീരുമാനിക്കണം.

സമുദായത്തിനുവേണ്ടി ചര്ച്ച് ആക്ട് നടപ്പിലാക്കാന്‍ സ്വതന്ത്രമായി തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് മാത്രമേ നാം വോട്ടു ചെയ്യാവൂ. മറ്റൊരു അളവുകോലും നമ്മുടെ വോട്ടിനെ സ്വാധീനിക്കരുത്. രാഷ്ട്രീയ വിവേകമുള്ള നമുക്ക് ഓരോ നിയോജകമണ്ഡലത്തിലും ആര്‍ക്ക് വോട്ടു ചെയ്താലാണ് ചര്ച്ച് ആക്ട് നടപ്പില്‍ വരുത്താന്‍ കഴിയുക എന്ന്‍ കണ്ടു പിടിക്കാന്‍ കഴിയണം. ഇത്തരം ഒരു തെരഞ്ഞെടുപ്പിന് നാം ഒരുങ്ങേണ്ടിയിരിക്കുന്നു. ഇന്നലെവരെ മെത്രാന്മാരുടെ താല്പര്യത്തിന് വോട്ടു ചെയ്യുകയായിരുന്നു സമുദായത്തിന്റെ പതിവ്. ഇനിയങ്ങോട്ട് സമുദായത്തിന്റെ താല്പര്യത്തിനുവേണ്ടി മാത്രമേ നാം വോട്ടു ചെയ്യാവൂ.

ഓരോ ക്രൈസ്തവ സഭാംഗത്തിനും വ്യക്തിപരമായ രാഷ്ട്രീയ ചായ്‌വുകളുണ്ടാവാം. പക്ഷെ സമുദായം ഇന്ന്‌ കടന്നുപോകുന്ന പ്രതിസന്ധിയില്‍ നമ്മുടെ വോട്ടു ചെയ്യുന്നതിന് ഒറ്റ അളവുകോല്‍ മാത്രമേ ഉണ്ടാകാവൂ എന്നാണ്എന്റെ വിനീതമായ അഭിപ്രായം. ചര്ച്ച് ആക്ട് നിയമമാക്കാന്‍ സമുദായത്തിന്റെ ഇച്ഛാശക്തി ഏത് രാഷ്ട്രീയപാര്‍ട്ടിയുടെ മേലാണ് നമുക്ക് പ്രയോഗിക്കാന്‍ കഴിയുക? ഇത്, ഇതു മാത്രമായിരിക്കണം തെരഞ്ഞെടുപ്പെന്ന വിശുദ്ധ പ്രക്രിയയില്‍ നമ്മുടെ തീരുമാനത്തെ സ്വാധീനിക്കേണ്ടത്.

എഡിറ്റര്‍, 'ഓശാന',
ഓശാനമൗണ്ട്‌, ഇടമറ്റം പി..,
കോട്ടയം - 686 588.
മൊബൈല്‍: 09447196214