Tuesday, April 14, 2009

മാര്‍ക്സിസവും നിരീശ്വരത്വവും സാമൂഹ്യമാറ്റവും

ജോസഫ് പുലിക്കുന്നേല്‍


നേരിട്ട് ഹൃദയത്തില്‍ നിന്ന് എന്ന മാര്‍ വിതയത്തിലിന്റെ ഗ്രന്ഥത്തില്‍ മാര്‍ക്സിസത്തെയും നിരീശ്വരത്വത്തെയും സാമൂഹ്യമാറ്റങ്ങളെയും കുറിച്ച് വിശദമായി അദ്ദേഹം പറയുന്നുണ്ട്.

“കുറേ കൊല്ലങ്ങള്‍ക്കു മുമ്പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ മാര്‍ക്സിസത്തോടും കമ്മ്യൂണിസത്തോടും എനിക്കുള്ള സമീപനത്തെക്കുറിച്ച് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: കത്തോലിക്കാ സഭയുടെ പഠനങ്ങള്‍ക്കും മാര്‍ക്സിസത്തിനും ചില കാര്യങ്ങള്‍ പൊതുവായുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി അധ:സ്ഥിതരെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നു. അതുതന്നെയാണ് സഭയ്ക്കും ആവശ്യം. പിന്തള്ളപ്പെട്ട് പിന്നാക്കം നില്‍ക്കുന്ന പാവപ്പെട്ടവരില്‍ പാവപ്പെട്ടവരോടുള്ള പ്രത്യേകമായ സ്നേഹം! എന്നാല്‍ കമ്മ്യൂണിസ്റ്റുകാരുടെ നിരീശ്വര വാദത്തോട് ഞാന്‍ വിയോജിക്കുന്നു. എന്നാല്‍ അവര്‍ നിരീശ്വരവാദികളായത് അവരുടെ മന:സാക്ഷി ദൈവമില്ലെന്നു പറഞ്ഞതുകൊണ്ടാണെങ്കില്‍ ഞാന്‍ അവരോടു യോജിക്കുന്നു. ഈ ലോകത്തിന്റെ സൗന്ദര്യത്തെയും ക്രമത്തെയും ബുദ്ധിയെയും കുറിച്ച് ചിന്തിക്കുന്ന സത്യസന്ധനായ ഒരു മനുഷ്യന് നിരീശ്വരനാകാന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു. ഒരാള്‍ക്ക് പൂര്‍ണ്ണമായും ദൈവമില്ല എന്ന് ഉത്തമവിശ്വാസം ഉണ്ടെങ്കില്‍ ഞാന്‍ അയാളെ സ്നേഹിക്കും. കാരണം അയാള്‍ അയാളുടെ വിശ്വാസം അനുസരിച്ചാണ് നില്‍ക്കുന്നത്. കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ‘ഇത്തരം മന:സാക്ഷിയുള്ളവര്‍ രക്ഷിക്കപ്പെടും’ എന്നാണ്. അപ്പോള്‍ എന്തുകൊണ്ട് നാം മാര്‍ക്സിസ്റ്റുകളെ സ്നേഹിക്കാതിരിക്കുന്നു. എന്തുകൊണ്ട് അവരോട് സംസാരിക്കാതിരിക്കുന്നു. ചിലപ്പോഴൊക്കെ അവര്‍ സ്വീകരിക്കുന്ന അക്രമ മാര്‍ഗ്ഗങ്ങളോടും കൊലയോടും നാശനഷ്ടങ്ങളോടും എനിക്കു യോജിക്കാനാവില്ല. ഞാന്‍ ഈ രണ്ടു കാര്യങ്ങളിലാണ് അവരോട് വിയോജിക്കുന്നത്. പക്ഷേ മറ്റു പല കാര്യങ്ങളിലും ഞാന്‍ അവരോട് യോജിക്കുന്നു. കുറേയെല്ലാം പരസ്പര മത്സരങ്ങള്‍ ഉണ്ടെങ്കിലും ആ പാര്‍ട്ടിക്ക് കൂടുതല്‍ അച്ചടക്കമുണ്ട്. യു.ഡി.എഫില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് എതിര്‍പ്പുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നു.” (പേജ് 51, 52)

എന്റെ ഇരുപതാം വയസ്സില്‍ (1952) സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്സിന്‌ പഠിക്കുമ്പോഴാണ്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയും മാര്‍ക്സിന്റെ കൃതികളും വായിക്കുന്നത്‌. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കല്‍ക്കട്ടാ തീസിസിന്റെയും തെലുങ്കാന കലാപത്തിന്റെയുമെല്ലാം നിഴല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിച്ചിരുന്ന കാലം. എന്തുകൊണ്ടാണ്‌ മാര്‍ക്സ്‌ രക്തരൂഷിത വിപ്ലവത്തിന്‌ ആഹ്വാനം ചെയ്തത്‌ എന്നും നിരീശ്വരത്വത്തെക്കുറിച്ച്‌ വാദിച്ചിരുന്നത്‌ എന്നും അന്നുതന്നെ ഞാന്‍ ആഴമായി ചിന്തിച്ചു. ഒരു ഗാന്ധിയനും ഈശ്വരവിശ്വാസിയുമായ ഞാന്‍ മാര്‍ക്സിനെപ്പോലെയുള്ള ഒരു മനുഷ്യസ്നേഹിയില്‍ എങ്ങിനെ ഹിംസാപരമായ തത്വശാസ്ത്രം ഉരുത്തിരിഞ്ഞു എന്നുള്ളതായിരുന്നു എന്റെ അന്വേഷണം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് യൂറോപ്പില്‍ കത്തോലിക്കാ സഭയും രാജഭരണവും സൃഷ്ടിച്ച സാമൂഹിക ഘടന മാറ്റാത്തിടത്തോളം കാലം അധ:സ്ഥിതര്‍ക്ക് മോചനം ഉണ്ടാവുകയില്ല എന്ന നിഗമനത്തില്‍ മാര്‍ക്സ് എത്തി. ജന്മിത്വമാണ് മനുഷ്യചൂഷണത്തിന്റെ ഏറ്റവും ശക്തമായ അന്നത്തെ സാമ്പത്തിക ഘടന എന്ന് മാര്‍ക്സിനും എംഗല്‍‌സിനും മനസ്സിലായി. ചരിത്രം പഠിച്ചിരുന്ന ആ‍ര്‍ക്കും അന്ന് അത് മനസ്സിലാക്കാവുന്നതായിരുന്നു. എംഗല്‍‌സ് എഴുതുന്നു: “അന്ന് ഏറ്റവും വലിയ അന്തര്‍ദ്ദേശീയ ജന്മിത്വ കേന്ദ്രം റോമന്‍ കത്തോലിക്കാ സഭയായിരുന്നു. അന്ന് (സഭ) ജന്മിത്വത്തിന് ഒരു ദൈവിക പരിവേഷം നല്‍കിയിരുന്നു. സഭ ഒരു ഫ്യൂഡല്‍ സമ്പ്രദായത്തിന്റെ മാതൃകയിലാണ് അതിന്റെ അധികാരവ്യവസ്ഥയ്ക്ക് രൂപം കൊടുത്തിരുന്നത്. സഭ തന്നെയായിരുന്നു ഏറ്റവും വലിയ ജന്മി. കത്തോലിക്കാ ലോകത്തിന്റെ മൂന്നിലൊന്നു ഭൂമിയും അവരുടെ ഉടമസ്ഥതയിലായിരുന്നു. അധാര്‍മികമായ ജന്മിത്വത്തെ ഓരോ രാജ്യത്തും ആക്രമിക്കണമെങ്കില്‍ ഈ വിശുദ്ധ കേന്ദ്ര സംഘടനയെ തകര്‍ക്കേണ്ടിയിരിക്കുന്നു.” (Socialism: Utopian and Scientific, Frederick Engels)

1. അന്നുവരെയുള്ള രാഷ്ട്രീയ ചരിത്രത്തില്‍ സമൂഹത്തില്‍ ഘടനാപരമായ മാറ്റം ഉണ്ടാക്കുന്നതിന് വിപ്ലവത്തെയാണ് ആയുധമായി ഉപയോഗിച്ചിരുന്നത്. കാരണം ഘടനയെ പരിപാലിക്കുന്നത് ഓരോ രാജ്യത്തെയും രാജാക്കന്മാരുടെ ആയുധ ശക്തിയായിരുന്നു. രാജാക്കന്മാരെ അധികാരത്തില്‍നിന്നും മാ‍റ്റാന്‍ ആയുധമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ചരിത്രത്തില്‍ രാജാക്കന്മാര്‍ കൊല ചെയ്യപ്പെട്ടത്. ഫ്രഞ്ച് വിപ്ലവത്തിലും അതുതന്നെ നടന്നു. അപ്പോള്‍ ആ മാര്‍ഗ്ഗം മാത്രമേ അന്നത്തെ നിലയില്‍ ഘടനാ മാറ്റത്തിന് ഉപയോഗിക്കാവൂ എന്ന് മാര്‍ക്സ് ബലമായി വിശ്വസിച്ചു.

2. കത്തോലിക്കാ സഭയായിരുന്നു അന്നത്തെ ഏറ്റവും വലിയ ജന്മി. തന്മൂലം ദൈവത്തിന്റെ പേരിലായിരുന്നു ഫ്യൂഡല്‍ വ്യവസ്ഥ പരിപോഷിപ്പിച്ച് നിലനിര്‍ത്തിയത്. അപ്പോള്‍ ന്യായമായും അതിനുപകരമായ ഒരു ഘടനയുടെ രക്ഷകനായിട്ടാണ് സാധാരണക്കാര്‍ ദൈവത്തെ കണ്ടിരുന്നത്. ആ അനീതിപരമായ ഘടനയെ നിലനിര്‍ത്തുന്ന ദൈവത്തെ തിരസ്കരിക്കാതെ ഈ ഘടനയെ എതിര്‍ക്കാന്‍ വിഷമമായിരുന്നു. മെത്രാന്മാര്‍ അന്ന് ദൈവത്തിന്റെ പ്രതിനിധികളായാണ് സ്വയം ജനങ്ങളുടെ മുമ്പില്‍ അവതരിച്ചത്. ആ ഘടനാ ശക്തിയോട് എതിര്‍ക്കുന്നത് ദൈവത്തെ എതിര്‍ക്കലാണ് എന്ന ധാരണ ജനങ്ങളിലുണ്ടാക്കി. അവിടെയാണ് മാര്‍ക്സ് ദൈവനിഷേധിയായത്. അന്ന് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അല്ലെങ്കില്‍ വോട്ടിലൂടെ ഗവണ്മെന്റിനെ മാറ്റാം എന്ന വ്യവസ്ഥ നിലവില്‍ വന്നിരുന്നില്ല എന്നും കൂടി ഓര്‍ക്കുക. അപ്പോള്‍ അനിവാര്യമായ സാമ്യൂഹ്യ മാറ്റത്തിന് രക്തച്ചൊരിച്ചില്‍ ആവശ്യമാണെന്നു വന്നു. ദൈവപരിരക്ഷയുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്ന രാജാവിനെയും എതിര്‍ക്കണമെങ്കില്‍ ദൈവത്തെ തന്നെ എതിര്‍ക്കേണ്ടിവരുമെന്ന വ്യവസ്ഥ നിലനിന്നിരുന്നു.

ഇന്ന് ജനാധിപത്യത്തില്‍ വോട്ടിലൂടെ ഭരണകൂടത്തെ മാറ്റാം എന്ന അവസ്ഥ വന്നു ചേര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വിപ്ലവം സമൂഹമാറ്റത്തിന് അനിവാര്യമല്ലെന്ന് എനിക്കു തോന്നി. അക്കാലഘട്ടത്തില്‍ വടക്കനച്ചന്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ തേരോട്ടം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഫാ. വടക്കനോട് യോജിക്കാന്‍ എനിക്കു കഴിഞ്ഞില്ല. ചരിത്രത്തിലെ വലിയ മനുഷ്യ സ്നേഹിയായിട്ടു മാത്രമേ എനിക്കു മാര്‍ക്സിനെ കാ‍ണാന്‍ കഴിഞ്ഞുള്ളൂ. അന്നും, ഇന്നും.

ബഹുമാനപ്പെട്ട മാര്‍ വര്‍ക്കി വിതയത്തില്‍ എഴുതുന്നു: “മാര്‍ക്സിസം ഒരു നിരീശ്വര ആദര്‍ശം ആയിരിക്കെ അത് മതത്തിനും ദൈവവിശ്വാസത്തിനും എതിരാണ്. മനുഷ്യാവകാശത്തിന്റെയും നീതിയുടേയും ഏക അടിസ്ഥാനം ഒരു പരമ ശക്തിയുടെ ബുദ്ധിയിലാണ് ഈ ലോകം സൃഷ്ടിച്ചിരിക്കുന്നത് എന്ന വിശ്വാസമാണ്. കാരണം അതു മനുഷ്യ ഹൃദയത്തില്‍ വേരൂന്നി നില്‍ക്കുകയും തന്മൂലം മനുഷ്യന്‍ സമൂഹമായി ജീവിക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ അധികാരം നീതിപൂര്‍വകമായ നിയമത്താല്‍ നയിക്കപ്പെടേണ്ടതും വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ മേല്‍ കയ്യേറ്റം നടത്താത്തതും വ്യക്തിമഹത്വത്തിന്റെ സമാധാനത്തില്‍ ജീവിക്കാന്‍ പ്രചോദിപ്പിക്കേണ്ടതുമാണ്. നിങ്ങള്‍ക്ക് ദൈവവിശ്വാസമില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ക്കും നീതിക്കും എന്തടിസ്ഥാനമാണുള്ളത്” (പേജ് 59)

വിശ്വാസമില്ലെങ്കില്‍ നീതിയും സമാധാനവും ഉണ്ടാവുകയില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന് ഒരടിക്കുറിപ്പുകൂടി എഴുതേണ്ടതായിരുന്നു. യൂറോപ്പില്‍ ഉണ്ടായ എല്ല യുദ്ധങ്ങളും മനുഷ്യപീഡനങ്ങളും ചൂഷണങ്ങളും ക്രൈസ്തവ യൂറോപ്പിലാണ് നടന്നതെന്നോര്‍ക്കുക. അവരെല്ലാം ദൈവവിശ്വാസികളായിരുന്നല്ലോ. എട്ടാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍ മതപീഡനം നടത്തിയവര്‍ ഒന്നാന്തരം ദൈവവിശ്വാസികള്‍ ആയിരുന്നു. കുരിശുയുദ്ധവും വിശുദ്ധ യുദ്ധവും നടത്തിയത് ദൈവവിശ്വാസികളായിരുന്നു. ഗോവായില്‍ നടത്തിയ മതപീഡനത്തിനും ഉത്തരവാദികള്‍ ദൈവവിശ്വാസികളായിരുന്നു. ബ്രസീലിലും തെക്കേ അമേരിക്കയിലും നടന്ന വംശ ഹത്യയ്ക്കുത്തരവാദികള്‍ കത്തോലിക്കാ ബിഷപ്പുമാരായിരുന്നു എന്നോര്‍ക്കുക. ഫ്രാങ്കോയും സലാസറും എല്ലാം ദൈവവിശ്വാസികളായിരുന്നു. എന്തിന് വത്തിക്കാനില്‍ തന്നെ മാര്‍പ്പാപ്പമാര്‍ തമ്മില്‍ പോരടിച്ച് അനേകം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും ദൈവവിശ്വാസികള്‍ നടത്തിയതാണ്. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ അരങ്ങേറിയ യുദ്ധ പരമ്പരകള്‍ ദൈവവിശ്വാസികള്‍ തമ്മിലായിരുന്നു. ഇന്ന് കേരളത്തിലെ വിദ്യാലയങ്ങളില്‍ വന്‍‌തുക കൈക്കൂലിയായി വാങ്ങുന്നവരും ദൈവവിശ്വാസികളാണ്. ദൈവവിശ്വാസം അടിസ്ഥാനനീതിയെ സൃഷ്ടിക്കുമായിരുന്നെങ്കില്‍ ഈ അനീതികളൊന്നും ലോകത്തുണ്ടാകുമായിരുന്നില്ല. ദൈവത്തിന്റെ പേരിലാണ് യൂറോപ്പില്‍ അനേകം യുദ്ധങ്ങള്‍ നടന്നത് എന്നത് മറക്കേണ്ട. അപ്പോള്‍ ദൈവവിശ്വാസം നീതിയുടെയും നന്മയുടെയും ഉഴവുചാലാണെന്നു വിശ്വസിക്കാന്‍ ചരിത്രം പഠിക്കുന്നവര്‍ക്ക് കഴിയുകയില്ല എന്ന് മാര്‍ വിതയത്തില്‍ മനസ്സിലാക്കേണ്ടതായിരുന്നു. എന്റെ ജീവിതത്തില്‍ അനേകം നിരീശ്വരന്മാരെക്കുറിച്ച് അറിയുകയോ കേള്‍ക്കുകയോ ചെയ്തിരുന്നു. “നാലുവാര്‍ വെന്തിങ്ങ”യും ഇട്ട് കാലത്ത് കുമ്പസാരിക്കുകയും കുര്‍ബാന കൈക്കൊള്ളുകയും ചെയ്യുന്ന അനേകം ക്രൂരരെയും ഞാന്‍ കണ്ടിട്ടുണ്ട്. മനുഷ്യ സ്നേഹമുള്ള എം.സി. ജോസഫ് ഒരു നിരീശ്വരവാദിയായിരുന്നു. സി. കേശവന്‍ ഒരു നിരീശ്വരവാദിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്രു ഒരു നിരീശ്വരവാദിയായിരുന്നു. പനമ്പിള്ളി ഗോവിന്ദ മേനോന്‍ ഒരു യുക്തിവാദിയായിരുന്നു. എന്റെ സുഹൃത്ത് എം.എ. ജോണ്‍ നിരീശ്വരവാദിയാണ്. അനേകം പൊതുപ്രവര്‍ത്തകരെക്കാള്‍ ഇവരൊക്കെ ധര്‍മ്മനിഷ്ഠയിലും നീതിബോധത്തിലും മികച്ചവരായിരുന്നു. ഇ.എം.എസും എ.കെ. ഗോപാലനും ആര്‍. സുഗതനും എല്ലാം നിരീശ്വരവാദികളായിരുന്നു. അതുകൊണ്ട് അവരുടെ ഹൃദയങ്ങളില്‍ നിന്നും മനുഷ്യത്വം വറ്റിവരണ്ടില്ല.

“എന്റെ ദൈവവും” “നിന്റെ ദൈവവും” തമ്മിലുള്ള പോരാട്ടത്തിലാണ് ചരിത്രത്തില്‍ രക്തക്കളം സൃഷ്ടിച്ചത്. ക്രിസ്ത്യാനിയുടെ ദൈവത്തിനു വേണ്ടിയും മുസ്ലീമുകളുടെ ദൈവത്തിനുവേണ്ടിയും അല്ലേ കുരിശുയുദ്ധം നടത്തിയതു. “എന്റെ ദൈവവും” “നിന്റെ ദൈവവും” ഒന്നാണെന്നു പറഞ്ഞുകൊണ്ട് കപടനാട്യം കളിക്കാന്‍ ഈ ദൈവവിശ്വാസികള്‍ക്ക് യാതൊരു മടിയുമില്ല. കേരളത്തിലെ കത്തോലിക്കാ സഭയെ നോക്കുക. സഭ ആരോടൊപ്പമാണ് എന്നും നിലനിന്നിരുന്നത്. ഭൂപ്രഭുക്കളുടെയും സമ്പന്നരുടെയും പക്ഷത്തായിരുന്നില്ലേ? ഫാ. തേലേകാട്ടിന്റെ താഴെ പറയുന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന ഉത്തരം കാണുക: “അപ്പോള്‍ കത്തോലിക്കാ വിദ്യാഭ്യാസ സമ്പ്രദായം സഭയുടെ സാമൂഹിക പഠനങ്ങള്‍ക്ക് ഒരു എതിര്‍സാക്ഷ്യമായി തീര്‍ന്നിരിക്കുന്നു എന്നാണോ അങ്ങയുടെ അഭിപ്രായം?”

ഉത്തരം: “കുറേക്കാലമായി ഇതു കുറെയെല്ലാം ശരിയാണ്. സഭ അവള്‍ കൊടുക്കേണ്ടിടത്തോളം കൊടുത്തിട്ടില്ല. സഭയോടു നേരത്തെ ഉണ്ടായിരുന്ന ബഹുമാനം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും നഷ്ടപ്പെട്ടിരിക്കുന്നു. ഈ അടുത്തയിടെ തന്നെ കത്തോലിക്ക സ്ഥാപനങ്ങല്‍ അദ്ധ്യാപക നിയമനത്തിനും അദ്ധ്യാപകേതര നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങുന്നതായും വളരെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കേരള സമൂഹവും സുപ്രീം കോടതിയും ഇതിനെ അപലപിച്ചിട്ടുമുണ്ട്. ...”

ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്ന പണം കുറച്ചൊന്നുമല്ല. നൂറായിരക്കണക്കിന് രൂപയാണ്. ഈ പണം വാങ്ങുന്ന മെത്രാന്മാരും അച്ചന്മാരും കന്യാസ്ത്രീകളുമെല്ലാം അതിരാവിലെ കുര്‍ബാന ചൊല്ലിയും കുര്‍ബാന കൈക്കൊണ്ടും ഈശ്വരവിശ്വാസികളാണ്. എന്നിട്ട് എന്തേ ഇവര്‍ ഇങ്ങനെയായത്? ധ്യാനപ്രസംഗങ്ങള്‍ക്കും ഭക്തിപ്രസ്ഥാനങ്ങള്‍ക്കും ഒന്നും ഈ കടുത്ത അനീതിയെ ചെറുക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ദൈവവിശ്വാസം മനുഷ്യനില്‍ നീതിബോധം ഉണ്ടാക്കും എന്ന മാര്‍ വിതയത്തിലിന്റെ ധാരണ കേവലം മിഥ്യയാണ്. ഇസ്രായേലിലെ മഹാപുരോഹിതന്മാര്‍ ദൈവവിശ്വാസികളായിരുന്നില്ലേ? അവരുടെ ദൈവവിശ്വാസം യേശുവിന് നീതി കൊടുക്കാന്‍ പ്രേരിപ്പിച്ചില്ല. സോക്രട്ടീസിനു വിഷം കൊടുത്തു കൊല്ലാന്‍ വിധിച്ചതും ദൈവത്തിന്റെ പേരിലായിരുന്നു.

കൊല്ലം ജില്ലാ ജഡ്ജിയായിരുന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് ജസ്റ്റിസ് കെ.ടി.തോമസ് പറയുന്നു: “കൊല്ലത്ത് ചാര്‍ജെടുത്തു കഴിഞ്ഞ് എനിക്കു നേരിടേണ്ടിവന്ന ആദ്യപ്രശ്നം മൂന്നു മക്കള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുക എന്നതായിരുന്നു. ഇളയ മകന്‍ ബിപിനുവേണ്ടി ഒരു എയ്ഡഡ് സ്വകാര്യ സ്കൂളില്‍ അഡ്മിഷന്‍ തരപ്പെടുത്തിയിരുന്നു. ആ സ്കൂളില്‍ ഏറ്റവും പ്രധാനിയായിരുന്ന മദര്‍ സുപ്പീരിയര്‍ എന്നോട് ഡൊണേഷന്‍ വേണമെന്ന് അഭ്യര്‍ത്ഥന നടത്തി. മകനു കൊടുക്കേണ്ട ഫീസിനു പുറമേ ആയിരുന്നു ഈ ഡൊണേഷന്‍. എത്ര ഫീസ് വേണമെങ്കിലും കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ പ്രവേശനത്തിന് സംഭാവന കൊടുക്കേണ്ടിവന്നാല്‍ അത് കോഴകൊടുക്കുന്നതിനു തുല്യമാണെന്നും ആ പ്രവൃത്തി അധാര്‍മ്മികമാണെന്നും ഞാന്‍ മദറിനോടു പറഞ്ഞു. ഇതിനു മറുപടിയായി മദര്‍ വിനയപൂര്‍വം അവരുടെ സ്കൂളിലെ വലിയ കെട്ടിടങ്ങള്‍ കാണിച്ചിട്ട് അവയൊക്കെ ഇങ്ങനെയുള്ള ഡൊണേഷന്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് പറഞ്ഞു. ആ ന്യായീകരണം എനിക്ക് മതിയായില്ല. ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാര്‍ യാത്രക്കാരില്‍നിന്നും നിര്‍ബന്ധപൂര്‍വം വാങ്ങി എടുക്കുന്ന സംഖ്യയ്ക്ക് അവര്‍ പറഞ്ഞിരുന്ന ന്യായീകരണവും ഏതാണ്ട് ഇമ്മാ‍തിരിയായിരുന്നു. അങ്ങനെയുള്ള പണത്തിന്റെ ഗണ്യമായ ഭാഗം കൊള്ളക്കാര്‍ അവരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സാധാരണ ആളുകളുമായി പങ്കിടുമായിരുന്നു. ഇക്കാര്യം ഞാന്‍ മദറിനോടു പറഞ്ഞു. എങ്കിലും ഞാന്‍ മകനെയും കൊണ്ട് മറ്റു സ്കൂളുകളില്‍ പ്രവേശനത്തിനു ശ്രമിച്ചിട്ട് അവിടെയെല്ലാം സ്ഥിതി ഈ സ്കൂളിലേതുപോലെയാണെങ്കില്‍ മകനെ ഈ സ്കൂളില്‍തന്നെ തിരികെ കൊണ്ടുവരുമെന്ന് മദറിനോട് പറഞ്ഞു.” (
സോളമന്റെ തേനീച്ചകള്‍, ജസ്റ്റിസ് കെ.ടി.തോമസ്, പേജ് 61, 62).

ഈ പണം ചോദിച്ച കന്യാസ്ത്രീയും ദൈവവിശ്വാസിയായിരുന്നു. അതുകൊണ്ട് ദൈവവിശ്വാസം ഏതെങ്കിലും മനുഷ്യതിന്മയെ മാറ്റി മറിക്കുമെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെ കഴിയുമായിരുമ്മെങ്കില്‍ കേരളത്തിലെ കത്തോലിക്കാ വിദ്യാലയങ്ങളില്‍ ഈ അഴിമതി വ്യാപകമായി നിലനില്‍ക്കുമായിരുന്നില്ല.

“നമ്മള്‍ കലാലയങ്ങള്‍ കെട്ടിപ്പൊക്കുന്നുണ്ടെങ്കിലും അവിടെനിന്ന് ഓരോ കൊല്ലവും പുറത്തേക്കു വരുന്നത് നിരീശ്വരന്മാരും മതവിരുദ്ധരുമായ ഒരു പറ്റം യുവാക്കളാണ്. എവിടെയെങ്കിലുമുണ്ടോ അല്പം നീതി; പരസ്പരസ്നേഹം; സത്യം? അധികാരികളുടെ തിരുവിഷ്ടമാണു നീതി; സമൂഹത്തിന്റെ ഉറ കെട്ടുപോയിരിക്കുന്നു.... നമ്മുടെ സ്ഥാപനങ്ങള്‍ ഇന്നു സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നു വന്നാല്‍ അവയുടെ രക്ഷയ്ക്ക് എത്രപേര്‍ മുന്നോട്ടുവരും? ചെറുപ്പക്കാര്‍ ഒരെണ്ണത്തിനെ കിട്ടുകയില്ല. സാറന്മാരുടെ കാര്യം പറയാനുമില്ല. സഭാനേതൃത്വത്തില്‍നിന്നു കിട്ടുന്നതിലേറെ നീതി സര്‍ക്കാരില്‍നിന്നു കിട്ടുമെന്ന് അനുഭവത്തില്‍നിന്ന് അദ്ധ്യാപകര്‍ക്കറിയാം. അവര്‍ക്ക് ഇന്നു ജോലിസ്ഥിരതയുണ്ട്. ശമ്പളം കൃത്യമായിട്ടും മുഴുവനായിട്ടും കിട്ടും. മാനേജര്‍ക്ക് ആരെയും യുക്തം‌ പോലെ പിരിച്ചുവിടാന്‍ വയ്യ. ഒരച്ചനോ കന്യാസ്ത്രീക്കോ ഉടുപ്പൂരിയിട്ടായാലും ധൈര്യമായി ജോലിക്കു പോകാം. ആരും ഒന്നും ചെയ്യാനില്ല.” (
ലോകം, പിശാച്, ശരീരം, ജോസഫ് മറ്റം, പേജ് 56)

സിറോമലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പൊലീത്ത ആയ വിതയത്തിലിന് എന്തുകൊണ്ട് ഈ അനീതിയെ തടയാന്‍ കഴിയുന്നില്ല? അപ്പോള്‍ ദൈവവിശ്വാസവും സാരോപദേശങ്ങളും മനുഷ്യമനസ്സിനെ അനീതിയില്‍ വ്യാപരിക്കുന്നതില്‍നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നുള്ള സാധാരണ പാഠമാണ് കേരള കത്തോലിക്കാസഭാ സമൂഹത്തിന്റെ മുമ്പില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ എന്തുവേണം. നിയമം കൊണ്ട് അതു സാധിക്കണം. ഇതിനുവേണ്ടി എന്തുകൊണ്ടാണ് സഭ വാദിക്കാത്തത്? സമൂഹത്തില്‍ മാറ്റം ഉണ്ടാകണമെങ്കില്‍ നിയമത്തിലൂടെ മാത്രമേ അതു സാധിക്കാനാവുകയുള്ളൂ.

No comments:

Post a Comment