Friday, May 15, 2009

സഭയും വിദ്യാഭ്യാസവും: മാര്‍ വര്‍ക്കി വിതയത്തില്‍

അനുചിന്തനം: ജോസഫ് പുലിക്കുന്നേല്‍

സഭയുടെ വിദ്യാഭ്യാസരംഗം ഇന്ന് സഭയുടെ സാമൂഹ്യപഠനങ്ങള്‍ക്ക് എതിര്‍സാക്ഷ്യമല്ലേ എന്ന ചോദ്യത്തിന് ബഹുമാന്യനായ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തന്റെ “നേരിട്ട് ഹൃദയത്തില്‍ നിന്ന്” എന്ന ആത്മഭാഷണഗ്രന്ഥത്തില്‍ ഇങ്ങനെ എഴുതുന്നു:

“അടുത്തയിടെയായി ഒരതിര്‍ത്തിയോളം അങ്ങനെയായി തീര്‍ന്നിരിക്കുന്നു. സഭയ്‌ക്ക് കൊടുക്കാവുന്നിടത്തോളം അവള്‍ കൊടുത്തിട്ടില്ല. മുന്‍‌കാലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളില്‍നിന്നും അവള്‍ക്ക് ലഭിച്ചിരുന്ന ബഹുമാന്യത ഇന്ന് അവള്‍ക്ക് ലഭിക്കുന്നില്ല. ഈ അടുത്ത കാലങ്ങളില്‍ അധ്യാപക അനധ്യാപക നിയമനത്തിലും വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനും പണം വാങ്ങുന്ന പല സംഭവങ്ങളും ഉണ്ട്. കേരള സമൂഹവും സുപ്രീം കോര്‍ട്ടും അപലപിച്ചിട്ടുള്ള കാര്യമാണ് ഇത്. നമ്മുടെ സ്ഥാപനങ്ങള്‍ നടത്തുന്നതിലേക്കുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നതിന് ഇങ്ങനെ പണം വാങ്ങേണ്ടതുണ്ട് എന്ന വാദത്തോട് എനിക്കു യോജിക്കാനാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ആവശ്യമായ ഗ്രാന്റ് നല്‍കാതിരിക്കുന്നത് ഗവണ്മെന്റ് ചെയ്യുന്ന ഒരു അനീതിയാണ്. എന്നാല്‍ അതിനെക്കാള്‍ തെറ്റാണ് ഒരു വ്യക്തിയുടെ മെറിറ്റ് കണക്കിലെടുക്കാതെ ജോലി നിഷേധിച്ച് പണമുള്ളവര്‍ക്ക് ജോലി കൊടുക്കുന്നത്. ജോലിക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് വമ്പിച്ച ഹൃദയവേദന ഉണ്ടാക്കുന്നു. വിദ്യാര്‍ത്ഥിപ്രവേശനത്തിലും ഇക്കാര്യം വാസ്‌തവമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് പലര്‍ക്കും ചോദിക്കുന്ന പണം കൊടുക്കാതെ വരുമ്പോള്‍ പ്രവേശനം നിഷേധിക്കുന്നതും തെറ്റാണ്. ഈ വിധത്തില്‍ കൈമാറപ്പെടുന്നത് വന്‍ തുകകളാണ്. അത് ചിലപ്പോള്‍ ലക്ഷക്കണക്കിനുതന്നെയാണ്. പല സ്ഥാപനങ്ങളും ഈ പണം അവയുടെ നടത്തിപ്പിനും വികസനത്തിനും അല്ലാതെ മറ്റു രംഗങ്ങളിലാണ് മുടക്കുന്നത്. സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നതിന് ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ നല്ല മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. ജോലിക്കാരില്‍നിന്നും വിദ്യാര്‍ത്ഥികളുടെ രക്ഷാകര്‍ത്താക്കളില്‍നിന്നും അധ്യാപകരക്ഷാകര്‍തൃ സംഘടനയിലൂടെ പണം പിരിക്കാവുന്നതാണ്. നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങുന്നതും നിയമനത്തിന് തുക നിശ്ചയിക്കുന്നതും ഒരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല.“

ഇവിടെ മാര്‍ വിതയത്തില്‍ പറയുന്നതുപോലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ നഗ്നമായ രീതിയില്‍ കോടിക്കണക്കിന് പണം വിദ്യാര്‍ത്ഥി പ്രവേശനത്തിനും അധ്യാപക നിയമനത്തിനും വാങ്ങുന്നുണ്ട്. അദ്ദേഹം പല പ്രസ്‌താവനകളിലൂടെയും ഇതിന്റെ അധാര്‍മ്മികതയെ അപലപിച്ചിട്ടുണ്ട്. പക്ഷേ എന്തു സംഭവിച്ചു? എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞോ? മനഃപരിവര്‍ത്തനം ഉണ്ടായോ? ഇല്ലതന്നെ. അപ്പോള്‍ പിന്നെ ഈ അധര്‍മ്മത്തെ നിയന്ത്രിക്കാന്‍ എന്താണ് മാര്‍ഗം? നിയമനിര്‍മാണത്തിലൂടെയല്ലാതെ ഈ അഴിമതിയെ തടയാനാവുമോ? വിദ്യാഭ്യാസരംഗത്ത് പ്രകടമായി നടക്കുന്ന ഈ അഴിമതിക്കെതിരെ സ്‌റ്റേറ്റിന് നിയമനിര്‍മ്മാണം നടത്താതിരിക്കാന്‍ കഴിയില്ല. കാരണം സ്വകാര്യ വിദ്യാഭ്യാസരംഗത്ത് ഏറ്റവും കൂടുതല്‍ പണമിറക്കുന്നത് ഗവണ്മെന്റാണ്. ഈ അഴിമതിയെ എതിര്‍ക്കുന്നതിനായി എപ്പോഴെല്ലാം സ്‌റ്റേറ്റ് രംഗത്തുവന്നിട്ടുണ്ടോ അപ്പോഴെല്ലാം സഭ എതിര്‍ക്കുകയല്ലേ ചെയ്‌തത്. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന അവകാശത്തിന്റെ മറവിലല്ലേ വിദ്യാഭ്യാസ സഭാസ്ഥാപനങ്ങള്‍ ഈ അഴിമതികള്‍ നടത്തുന്നത്?

ഈ അഴിമതിയുടെ സാമൂഹികവും ധാര്‍മികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സഭ ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കേണ്ടതല്ലേ?

സിറോ മലബാര്‍ സഭയുടെ തലവനെന്ന നിലയിലും വലിയ ഒരു രൂപതയുടെ തലവനെന്ന നിലയിലും അങ്ങേയ്‌ക്ക് ഇതു സംബന്ധമായി എന്തെങ്കിലും ചെയ്‌തുകൂടേ എന്ന ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം ഉത്തരം നല്‍കുന്നു: “എനിക്ക് ചെയ്യാവുന്നതെല്ലാം ഞാന്‍ ചെയ്‌തു, ഈ വിഷയത്തെക്കുറിച്ച് ഞാന്‍ പല ഇടയലേഖനങ്ങളും എഴുതി. കത്തോലിക്കാ സ്ഥാപനങ്ങള്‍ അധ്യാപകനിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം വാങ്ങരുതെന്ന് അര്‍ത്ഥശങ്കയ്‌ക്കിടയില്ലാതെ പ്രഖ്യാപിച്ചു. എന്നാല്‍ ഞാന്‍ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ചിലര്‍ അനുസരിക്കുന്നില്ല. എന്റെ നിലപാടിനെ എല്ലാവരും അംഗീകരിക്കുന്നുണ്ട്. എന്റെ നിലപാട് എല്ലാവര്‍ക്കും അറിയാം. മാര്‍ക്‍സിസ്‌റ്റുകള്‍ വരെ അതിനെ പല പ്രാവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ പണം വാങ്ങിയവരോട് തിരിച്ചുകൊടുക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അവരാരും അതു അനുസരിച്ചില്ല. എനിക്ക് ഒരു മാര്‍ഗമേ ഉള്ളൂ. ഇത്തരം ആളുകള്‍ ഗവണ്മെന്റിനെ അറിയിക്കുകയും അവരെ അറസ്‌റ്റുചെയ്‌ത് ജയിലിലിടുകയും ചെയ്യുക.”

മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മാര്‍ത്ഥതയെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇക്കാലമത്രയും സഭയ്‌ക്കുള്ളില്‍ ഈ അഴിമതി നടന്നിട്ടും അദ്ദേഹത്തിന് ആരെയെങ്കിലും പിടികൂടാന്‍ കഴിഞ്ഞോ? വിദ്യാഭ്യാസ രംഗത്തെ അഴിമതി എത്രകാലമായി ഇവിടെ തുടരുന്നു. ധ്യാനങ്ങളും നവീകരണ വര്‍ഷങ്ങളും നീതിയുടെ ദിനങ്ങളും എല്ലാം നാം കൊണ്ടാടി. പക്ഷേ വിദ്യാഭ്യാസരംഗത്തെ അഴിമതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ബഹുമാനപ്പെട്ട വടക്കനച്ചന്റെ “എന്റെ കുതിപ്പും കിതപ്പും” എന്ന ആത്മകഥയില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ തുച്‌ഛ ശമ്പളത്തില്‍ നിന്നും മാനേജരച്ചന്മാര്‍ പണം തട്ടിയെടുത്തതായി എഴുതിയിട്ടുണ്ട് (പേജ് 26). അതുപോലെതന്നെ വിമോചന സമരകാലത്ത് ഇനി ഇത് ആവര്‍ത്തിക്കുകയില്ലാ എന്ന് തൃശൂര്‍ ബിഷപ്പ് പരസ്യമായി ഉറപ്പു നല്‍കിയിട്ടും വിമോചനസമരത്തിനു ശേഷം അധ്യാപകനിയമനത്തിന് പണം വാങ്ങിയ കാര്യം വ്യക്തമായി എഴുതുന്നുണ്ട്.

അപ്പോള്‍ കുഷ്‌ഠരോഗം പോലെ ഇന്ന് കത്തോലിക്കാവിദ്യാലയങ്ങളെ ബാധിച്ചിരിക്കുന്ന ഈ രോഗത്തിനെ ആരാണ് പ്രതിരോധിക്കേണ്ടത്? അതിന് ഗവണ്മെന്റിന് മാത്രമേ കഴിയൂ എന്നു വ്യക്തമല്ലേ? ആ ഉത്തരവാദിത്വം ഗവണ്മെന്റ് ഏറ്റെടുക്കുമ്പോള്‍ അത് സഭയ്‌ക്കെതിരെയുള്ള നീക്കമാണെന്നു പറഞ്ഞ് ഇടയലേഖനങ്ങള്‍ എഴുതുന്ന മെത്രാന്മാരും ഇവിടെയില്ലേ? വിദ്യാഭ്യാസ മേഖല തങ്ങള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനും പണം സമ്പാദിക്കാനും ഉള്ള രംഗമായി ഇന്ന് പല രൂപതകളും സന്ന്യാസ-സന്ന്യാസിനീ സഭകളും കരുതുന്നു. മാര്‍ വര്‍ക്കി വിതയത്തിലിന്റെ മൂക്കിനു കീഴില്‍ ഇത് ഇന്ന് നിര്‍ബാധം നടക്കുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ ധര്‍മബോധം ഇതില്‍ ദുഃഖിതമായിരിക്കാം. പക്ഷേ അദ്ദേഹത്തിന്റെ ദുഃഖം കൊണ്ടും ധര്‍മരോഷം കൊണ്ടും ആര്‍ക്കാണ് മനഃപരിവര്‍ത്തനം ഉണ്ടാവുക? വിദ്യാഭ്യാസരംഗത്തെ അഴിമതി നിയന്ത്രിക്കാന്‍ ഒരു നിയമം വേണമെന്ന് മാര്‍ വര്‍ക്കി വിതയത്തില്‍ പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ഇന്ന് നടമാടുന്ന വ്യാപകമായ അഴിമതിമൂലം സമൂഹത്തിനുണ്ടാകുന്ന അധര്‍മത്തിന്റെ തിരകളുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സഭ മനസ്സിലാക്കിയിട്ടുണ്ടോ?

മുലപ്പാലില്‍ വിഷം ചേര്‍ക്കുന്നതുപോലെ അപകടകാരിയാണ് ഇത്. കത്തോലിക്കാ ബാലന്‍ അവന്റെ വീട്ടില്‍നിന്നും സമൂഹത്തില്‍നിന്നും ധാര്‍മികതയുടെ പാഠങ്ങളും പഠിച്ചാണ് വിദ്യാഭ്യാസരംഗത്തേയ്‌ക്ക് പടി ചവിട്ടുന്നത്. അവന്റെ മനസ്സില്‍ അവന് മാമോദീസ നല്‍കിയ, വേദോപദേശം നല്‍കിയ, കുമ്പസാരിച്ച് കുര്‍ബാനകൊടുത്ത, പള്ളിപ്രസംഗങ്ങളിലൂടെ ജീവിതമൂല്യങ്ങള്‍ നിരത്തിവെച്ച വൈദികന്‍ ധാര്‍മ്മികതയുടെ പ്രതിനിധിയാണ്. ആ വൈദികന്‍ മാനേജരായ പള്ളിക്കൂടത്തില്‍ ആ ബാലന്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിനെത്തുമ്പോള്‍ ആ വൈദികന്‍ എല്ലാ ധാര്‍മികതകളെയും കൈവിട്ട് വന്‍‌തുക നിയമവിരുദ്ധമായി വാങ്ങുന്നതുകാണുമ്പോള്‍ അവന്റെ ഉള്ളിലുണ്ടാകുന്ന ധാര്‍മികമായ ഞെട്ടല്‍ എത്ര വലുതായിരിക്കും. ഇത് അവന്റെ ജീവിതകാലം മുഴുവന്‍ അവന്റെ കര്‍മരംഗത്തെ സ്വാധീനിക്കും.

30 ലക്ഷം രൂപ നിയമവിരുദ്ധമായി പ്രവേശന ഫീസായി കൊടുത്ത് ഡോക്‍ടര്‍ ആകുന്ന ഒരാള്‍ പണമുണ്ടാക്കാന്‍ കൈക്കൂലി വാങ്ങുന്നതും അവശരായ രോഗികളെപ്പോലും ചൂഷണം ചെയ്യുന്നതും ഒരാള്‍ക്ക് ഒരിക്കലും തെറ്റായി തോന്നുകയില്ല. കാരണം നിയമലംഘനം നടത്തി തന്നോട് കൈക്കൂലി വാങ്ങിയത് “ക്രിസ്‌തുവിന്റെ പ്രതിനിധികളായ” പുരോഹിതരാണ് എന്ന് അവനറിയാം. അവര്‍ക്കില്ലാത്ത ധാര്‍മികത എന്തിന് എനിക്കുണ്ടാകണം എന്നവന്‍ ചിന്തിക്കുന്നു. പതിനൊന്നാം ക്ലാസിലെ പ്രവേശനത്തിന് മെറിറ്റ് സീറ്റിന് നാലായിരം രൂപ വരെ അഴിമതിയായി കൊടുക്കുന്ന വിദ്യാര്‍ത്ഥി അവന്‍ ഉദ്യോഗസ്ഥനായി കഴിയുമ്പോള്‍ അഴിമതിയിലൂടെ പണം വാങ്ങുന്നത് തെറ്റല്ല എന്ന ഒരു പാഠം പഠിച്ചു കഴിഞ്ഞിരിക്കും. മെത്രാന്മാരും പുരോഹിതരും സന്ന്യാസീ സന്ന്യാസിനിമാരും നിയമം ലംഘിച്ച് തങ്ങളോടു വാങ്ങിയ അഴിമതിപ്പണം അഴിമതിയിലൂടെ ഉണ്ടാക്കുന്നതിലും തെറ്റില്ലെന്ന് അവര്‍ വിചാരിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. അങ്ങിനെ തലമുറകളില്‍ വിഷം ചേര്‍ക്കുന ഈ അനീതി അനിയന്ത്രിതമായി പെരുകിവരുമ്പോള്‍ അത് സമൂഹത്തെ ആകെ അധാര്‍മിക വീധിയിലേയ്‌ക്ക് നയിക്കുന്നു. ഇതിനെക്കുറിച്ച് ആരും ദുഃഖിക്കുന്നില്ല. സി. ജെസ്‌മിയുടെ ആത്മകഥയില്‍ പറയുന്ന ഈ ഭാഗമെങ്കിലും മാര്‍ വര്‍ക്കി വിതയത്തില്‍ വായിച്ചിരുന്നെങ്കില്‍. തൃശൂരിലെ കോളജില്‍ അധ്യാപകനിയമനത്തിന് പണം വാങ്ങുന്നതിനെ എതിര്‍ത്തതിന് അവരെ മഠത്തിന്റെ അധികാരികള്‍ ശാസിക്കുകയാണുണ്ടായത്. എന്തിണ് എല്ലാ സിസ്‌റ്റര്‍മാരും അവര്‍ക്കെതിരായിരുന്നു. ഇതിനര്‍ത്ഥം അഴിമതി നടത്തുന്നതിന് സമൂഹം പോലും അംഗീകരിക്കുന്ന മാനസിക പശ്ചാത്തലത്തിലേയ്‌ക്ക് നാം മാറിക്കഴിഞ്ഞു എന്നല്ലേ? കത്തോലിക്കാ വിദ്യാഭ്യാസരംഗത്ത് അഴിമതി ഇന്ന് ഒരു മാമൂലായി തീര്‍ന്നിരിക്കുകയാണ്. ഇന്നത് ആരെയും ഞെട്ടിക്കുന്നില്ല. മറിച്ച് നമ്മുടെ വിദ്യാഭ്യാസ സേവനത്തിന് ഇത് ആവശ്യമാണെന്ന് വിശ്വാസികളെ വിശ്വസിപ്പിക്കാനും ഇന്ന് സഭയ്‌ക്ക് കഴിയുന്നു. ധാര്‍മികമായി അധഃപതിച്ച ഒരു സമൂഹത്തെയാണ് ഇന്ന് കത്തോലിക്കാ സഭ സൃഷ്‌ടിച്ചിരിക്കുന്നത്.

No comments:

Post a Comment